Connect with us

Kerala

കൊറോണ ബാധിച്ചത് തൃശൂര്‍ ജില്ലക്കാരിയായ വിദ്യാര്‍ഥിക്ക്; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന തൃശൂര്‍ ജില്ലക്കാരിയായ വിദ്യാര്‍ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യ നില തൃപ്തികരമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയാണ് കൂടുതല്‍ സുരക്ഷിതമാണെന്നതിനാല്‍ അവിടേക്ക് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡ് വിപുലീകരിക്കും. കാര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രി തൃശൂരിലേക്കു പോകും. ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നും ഏതു സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളോടും മുന്‍കരുതല്‍ നടപടികളോടും ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണം. ചൈനയില്‍ നിന്ന് എത്തിയവര്‍ തത്കാലം വീടുകളില്‍ തന്നെ കഴിയണം. പ്രത്യേകം ഏര്‍പ്പെടുത്തിയ സംവിധാനമായ ദിശയില്‍ ചൈനയില്‍ നിന്ന് വന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം. റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ യോഗം ഉടന്‍ നടക്കും. വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.