Connect with us

Kerala

'ഇന്ത്യക്ക് എന്തുപറ്റിയെന്ന് ലോകം മുഴുവന്‍ ചോദിക്കുന്നു; നമുക്കുള്ളത് ഇതൊന്നും മനസ്സിലാകാത്ത പ്രധാന മന്ത്രി'

Published

|

Last Updated

കല്‍പ്പറ്റ | പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഞാനൊരു ഇന്ത്യക്കാരനാണെന്ന് തെളിയിക്കണമെന്ന് പറയാന്‍ ആരാണ് നരേന്ദ്ര മോദിക്ക് അനുമതി നല്‍കിയതെന്ന് രാഹുല്‍ ചോദിച്ചു. മോദിയും ഗോഡ്‌സെയും ഒരേ ആശയത്തിന്റെ വക്താക്കളാണ്. ഇന്ത്യക്കാര്‍ക്കു തന്നെ ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കേണ്ട ദുഃഖകരമായ അവസ്ഥയാണ്. ഈ മണ്ണില്‍ പിറന്നുവീണ 130 കോടി ജനങ്ങള്‍ക്കും ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായി വയനാട്ടില്‍ നടന്ന പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

മോദി സംരക്ഷിക്കുന്നത് തന്റെ സുഹൃത്തുക്കളെ മാത്രമാണ്. തുറമുഖങ്ങളെല്ലാം അദാനിക്ക് വിറ്റുകഴിഞ്ഞു. പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം ഓരോന്നോരാന്നായി വിറ്റഴിക്കുകയാണ്. മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ല. ഇവിടെ എത്ര പഠിച്ചാലും ഒരു ജോലിയും ലഭിക്കാന്‍ പോകുന്നില്ല. തൊഴില്‍ നഷ്ടപ്പെടുന്നതും തൊഴില്‍ രാഹിത്യവും യുവജന സമൂഹത്തെ കടുത്ത ദുരിതത്തിലാക്കുന്നു. ജി ഡി പി കൂപ്പുകുത്തുന്നതിനാല്‍ ഓരോ മേഖലയിലും പ്രതിസന്ധിയാണ്. ഇതു പരിഹരിക്കാന്‍ എന്തു ചെയ്യണമെന്ന് പോലും പ്രധാന മന്ത്രിക്കും ധനകാര്യമന്ത്രിക്കും അറിയില്ല.

എന്തു ചോദിച്ചാലും പാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാന്‍ ഇവിടെ വന്ന് ജോലി നല്‍കില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഒരു നല്ല സംഭാവന പോലും മോദി സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
സ്നേഹ സമ്പന്നമായിരുന്ന, തങ്ങള്‍ക്കുള്‍പ്പടെ മാതൃകയായിരുന്ന ഇന്ത്യക്ക് എന്തുപറ്റിയെന്ന് ലോകം മുഴുവന്‍ ചോദിക്കുന്നു. ഇതൊന്നും മനസ്സിലാകാത്ത ഒരു പ്രധാന മന്ത്രിയെയാണ് നമുക്ക് കിട്ടിയത് എന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം. സ്നേഹത്തിലൂടെയും സമാധാനത്തിലൂടെയും വെറുപ്പിന്റെ രാഷട്രീയത്തെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.
.

Latest