Connect with us

National

പ്രകോപനപരമായി പ്രസംഗിച്ചെന്ന കേസ്; ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ | പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ സമരത്തില്‍ പ്രസംഗിച്ചതിന് ഡോക്ടര്‍ കഫീല്‍ ഖാനെ യു പി പോലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയോടെ മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. 2019 ഡിസംബര്‍ 12 ന് അലിഗഡ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ഡോ. കഫീല്‍ ഖാനെതിരായ കേസ്. പ്രസംഗത്തില്‍ വര്‍ഗീയത പരത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കിയാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവക്കെതിരെ ബീഹാറില്‍ നടന്ന പ്രക്ഷോഭത്തില്‍ പ്രസംഗിച്ച ശേഷം മുംബൈയില്‍ വ്യാഴാഴ്ച നടക്കാനിരുന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കഫീല്‍ ഖാന്‍ അറസ്റ്റിലായത്.
ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. കഫീല്‍ ഖാന്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ നിരവധി കുട്ടികള്‍ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ യു പി സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

Latest