Connect with us

Kerala

ജ്വല്ലറി ഉടമയില്‍ നിന്ന് 85 പവന്‍ കവര്‍ന്ന കേസില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട് | ജ്വല്ലറി ഉടമയില്‍ നിന്ന് 85 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കിഷോര്‍ ഹരിദാസന്‍ (21), തേഞ്ഞിപ്പലം ദേവയാനി ഹരിജന്‍ കോളനിയിലെ കൊളപ്പുള്ളി സുമോദ് (23), അനുജന്‍ സുമേഷ് (20), ദേവയാനി ഹരിജന്‍ കോളനിയിലെ സുഭാഷ് (20), പ്രായപൂര്‍ത്തിയാകാത്ത കണ്ണൂര്‍ സ്വദേശി എന്നിവരാണ് പിടിയിലായത്. നല്ലളം, ഫറോക്ക് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് കിഷോര്‍. കൂടുതല്‍ അന്വേഷണത്തിനായി കിഷോറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കോടതി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മറ്റ്‌ മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അരീക്കാട് സുന്ദരം ജ്വല്ലറി ഉടമയുടെ സ്‌കൂട്ടറില്‍ നിന്ന് 85 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയുമടങ്ങിയ ബാഗ് കവര്‍ന്ന കേസിലാണ് അറസ്റ്റ്. സംഭവം നടന്ന ദിവസം തന്നെ അരീക്കാട് ടൗണിലുള്ള സി സി ടി വി കാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട് നഗരത്തില്‍ നിന്ന് പ്രതികള്‍ അറസ്റ്റിലായത്.

നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ എയര്‍പിസ്റ്റള്‍ കേന്ദ്രീകരിച്ച് കസബ, നല്ലളം പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രമുഖ ഹോട്ടലിലെത്തിയ പ്രതികള്‍ അവിടെ എയര്‍ പിസ്റ്റള്‍ മറന്നു വച്ച് പോകുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. അന്വേഷണത്തില്‍ ഈ മുറിയില്‍ താമസിച്ചവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു.
എയര്‍പിസ്റ്റള്‍ സംബന്ധിച്ച് കസബ പോലീസാണ് അന്വേഷണം നടത്തിയത്. നഗരത്തില്‍ നിന്ന് മൂവായിരം രൂപക്ക് എയര്‍പിസ്റ്റള്‍ വാങ്ങിയതിന്റെ ബില്‍ ഹോട്ടലില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നേരത്തേ പിടിച്ചുപറി കേസില്‍ പെട്ടവരാണെന്ന് പോലീസ് കണ്ടെത്തി. നല്ലളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വര്‍ണവും പണവും കവര്‍ന്നത് ഇവരാണെന്ന് തിരിച്ചറിയുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

13ന് രാത്രി ഒമ്പതിനാണ് സുന്ദരം ജ്വല്ലറി ഉടമ സോമസുന്ദരത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്നത്. ജ്വല്ലറി അടച്ച ശേഷം പച്ചക്കറി വാങ്ങാന്‍ വ്യാപാര ഭവന് സമീപത്തെ കടയിലേക്ക് കയറിയപ്പോഴായിരുന്നു സ്‌കൂട്ടറില്‍ സൂക്ഷിച്ച ബാഗ് കവര്‍ന്നത്.