Connect with us

Kerala

ഭരണഘടനയും ചട്ടങ്ങളും ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്; എല്ലാം വായിച്ച് ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമര്‍ശമടങ്ങുന്ന നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്ത് പുറത്ത്. മന്ത്രിസഭ അംഗീകരിച്ച സര്‍ക്കാറിന്റെ നയം വായിക്കണമെന്ന ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യത ഓര്‍മിപ്പിച്ചുള്ള കത്താണ് പുറത്തുവന്നത്.

ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പരാമര്‍ശം വായിക്കാതെ വിടരുത്, കൂട്ടിച്ചേര്‍ക്കലുകളോ, ഒഴിവാക്കലുകളോ നടത്തരുത്, ഇത് മന്ത്രിസഭ അംഗീകരിച്ച പ്രസംഗമാണ്. ഇത് മുഴുവന്‍ വായിക്കാന്‍ ഭരണഘടനയുടെ 176-ാം വകുപ്പ് പ്രകാരം താങ്കള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിയോജിപ്പുകള്‍ അരിയിച്ച നയപ്രഖ്യാപന സമ്മേളനം പൂര്‍ണമായും വായിച്ചതെന്നാണ് റിപ്പോര്‍ട്ട്. നയപ്രഖ്യാപനം വായിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണറുടെ കാല് പിടിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു വാക്ക് പോലും മുഖ്യമന്ത്രിയുടെ കത്തിലില്ല. പൂര്‍ണമായും ചട്ടങ്ങള്‍ ഓര്‍മപ്പെടുത്തിയുള്ള കത്താണ് മുഖ്യമന്ത്രി നല്‍കിയത്.

കത്തിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട ഗവര്‍ണര്‍,

എന്തുകൊണ്ടാണ് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്നതില്‍ വിശദീകരണം തേടിക്കൊണ്ടുള്ള താങ്കളുടെ കത്ത് അര്‍ദ്ധരാത്രിയോടെ കിട്ടി. വിശദമായി, സൂക്ഷ്മമായിത്തന്നെ അത് ഞാന്‍ വായിച്ചു. ബഹുമാനപ്പെട്ട ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ പലതിനും കൃത്യമായ വിശദീകരണം ഞങ്ങള്‍ നല്‍കിയതാണ്. ഈ ചെറുമറുപടി ഇപ്പോള്‍ നല്‍കുന്നത്, താങ്കള്‍ നടത്താനിരിക്കുന്ന നയപ്രഖ്യാപനപ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ്.

പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള സംസ്ഥാനസര്‍ക്കാരിന്റെ ആശങ്ക തീര്‍ച്ചയായും ഗവര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിലും ഇടംപിടിക്കേണ്ടതാണ്. ഭരണഘടനയുടെ 176-ാം വകുപ്പ് പ്രകാരം, മന്ത്രിസഭയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും പ്രകാരമാണ് നയപ്രഖ്യാപനപ്രസംഗം തയ്യാറാക്കുന്നത്. മന്ത്രിസഭ ഏകകണ്ഠമായി അംഗീകരിച്ച നയപ്രഖ്യാപനം പൂര്‍ണമായിത്തന്നെ താങ്കള്‍ വായിക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ, ഒഴിവാക്കലുകളോ അരുതെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.

എന്ന്,
പിണറായി വിജയന്‍,
മുഖ്യമന്ത്രി.