Connect with us

Kerala

കൊറോണ: ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക്‌ മുഖ്യമന്ത്രി കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. മാത്രമല്ല, യിച്ചാങ് നഗരത്തിലും രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വുഹാനിലേക്കോ സമീപത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിലേക്കോ പ്രത്യേക വിമാനം അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വുഹാനില്‍ നിന്ന് തിരിച്ചെത്തുന്ന ഇന്ത്യക്കാര്‍ക്ക് ചികിത്സ ആവശ്യമാണെങ്കില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സംസ്ഥാനം തയ്യാറാണ്. വുഹാനിലും യിച്ചാങിലും കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ ചൈനയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഭീതിയില്‍ കഴിയുന്നവരെ സഹായിക്കുന്നതു സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് ജനുവരി 24ന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. മാത്രമല്ല, ചീഫ് സെക്രട്ടറി ടോം ജോസും ഡല്‍ഹിയില്‍ സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായ എ. സമ്പത്തും വിദേശകാര്യമന്ത്രാലയവുമായും ആരോഗ്യ മന്ത്രാലയവുമായും ഈ പ്രശ്നത്തില്‍ ബന്ധപ്പെടുന്നുണ്ട്.

Latest