മനുഷ്യമഹാ ശൃംഖലയില്‍ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തത് വിവാദമാക്കേണ്ട: പി കെ കുഞ്ഞാലിക്കുട്ടി

Posted on: January 27, 2020 2:34 pm | Last updated: January 27, 2020 at 2:34 pm

കോഴിക്കോട് |  പൗരത്വ നിയമത്തിനെതിരെ ഇടുതുമുന്നണി നടത്തിയ മനുഷ്യ മാഹാശൃംഖലയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തതില്‍ വിവാദമാക്കേണ്ടതില്ലെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് ആളുകള്‍ പങ്കെടുക്കുന്നത്. യു ഡി എഫ് കോഴിക്കോട് നടത്തിയ സമ്മേളനത്തില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരും പങ്കെടുത്തിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്നലെ നടന്ന മനുഷ്യമതിലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും കെ എം സി സി നേതാക്കളും യു ഡി എഫിനൊപ്പം നിലയുറപ്പിച്ചിരുന്ന സമുദായ സംഘടനകളുടെ നേതാക്കളും പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. യു ഡി എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തത് ജനങ്ങളുടെ ആശങ്കക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിനാലാണെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ചോദിച്ച മാധ്യമങ്ങളോട് ഇതില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.