Connect with us

Kerala

കെ പി സി സി യോഗത്തില്‍ കെ മുരളീധരനെ വിമര്‍ശിച്ച് നേതാക്കള്‍

Published

|

Last Updated

തിരുവന്തപുരം |  മോഹന്‍ ശങ്കറിനെ കെ പി സി സിയില്‍ എടുത്തതിനെതിരെ പരസ്യമായി പ്രതികരിച്ച കെ മുരളീധരന്‍ എം പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ പി സി സി യോഗത്തില്‍ നേതാക്കള്‍. തിരുവനന്തപുരത്ത് നടക്കുന്ന കെ പി സി സിയുടെ പുതിയ ഭാരവാഹികളുടെ യോഗത്തിന് പുറമെ മാധ്യമങ്ങള്‍ക്ക് മുമ്പിലും നേതാക്കള്‍ വിമര്‍ശനം ആവര്‍ത്തിച്ചു.

അച്ചടക്ക ലംഘനം പാര്‍ട്ടിയില്‍വെച്ചു പൊറുപ്പിക്കില്ലെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വിമര്‍ശനം അംഗീകരിക്കാനാകില്ലെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുരളീധരന്റെ പേര് പറയാതെ യോഗത്തിലായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശം. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എന്തും വിളിച്ചു പറയാമെന്ന് കരുതേണ്ട. ഭാരവാഹികളെല്ലാം യോഗ്യരാണ്. ആരെയും ചെറുതായി കാണരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്ലാ കെ പി സി സി ഭാരവാഹികളും യോഗ്യന്‍മാരാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. മറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും കഴിവുള്ളവരും പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞു. ഇപ്പോള്‍ കെ പി സി സിയില്‍പ്പെടാതെ പുറത്തിരിക്കുന്ന പലരും യോഗ്യന്‍മാരാണ്. എന്നാല്‍ കഴിവുള്ള പലരേയും ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ പ്രയാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലെന്ന് മോഹന്‍ ശങ്കര്‍ പറഞ്ഞു. അദ്ദേഹത്തോട് സ്‌നേഹം മാത്രമാണെന്നും മോഹന്‍ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ പുതിയ കെ പി സി സിയില്‍ വനിതാ പ്രാതനിധ്യം കുറഞ്ഞതില്‍ പരസ്യ പ്രതിഷേധവുമായി ലതിക സുഭാഷ് രംഗത്തെത്തി. മഹിളകളുടെ മനസിനെ വൃണപ്പെടുത്തുന്നതാണ് പുതിയ കെ പി സി സി പട്ടികയെന്ന് ലതിക സുഭാഷ് പറഞ്ഞു. പട്ടികയിലെ വിയോജിപ്പ് സംബന്ധിച്ച് എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പരാതി നല്‍കിയതായും പുതിയ പട്ടികയില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ലതിക സുഭാഷ് പറഞ്ഞു.

Latest