Connect with us

National

എയര്‍ ഇന്ത്യ പൂര്‍ണമായും വില്‍ക്കും: വാങ്ങാനാളില്ലെങ്കില്‍ അടച്ച്പൂട്ടും- കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി |  വ്യോമയാന രംഗത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്ന എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കുള്ളത്. നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇനിയും മുന്നോട്ടുകൊണ്ടുപോകില്ലെന്നും സ്വകാര്യവത്ക്കരണം അനിവാര്യമാണെന്നും കേന്ദ്രം പറയുന്നത്. 2018 ല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആരും വാങ്ങാനെത്തതിനാലാണ് ഇപ്പോള്‍ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ ശ്രമിക്കുന്നത്. ആരും വാങ്ങിയില്ലെങ്കില്‍ കമ്പനി അടച്ചു പൂട്ടേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും അബുദാബി ആസ്ഥാനമായ ഇത്തിഹാദും എയര്‍ ഇന്ത്യ വാങ്ങാന്‍ നേരത്തെ കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. നിരവധി പൊതുമേഖലാ സ്ഥാപങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനു പുറമെയാണ് വിറ്റൊഴിക്കല്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

പ്രതിദിനം 26 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. ഏകദേശം 23000 കോടി രൂപയുടെ കടബാധ്യതയുമുണ്ട്. ഓഹരി വില്‍പന സംബന്ധിച്ച് ഇന്ത്യ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് 17 നാണ് അവസാന തീയതി. കടബാധ്യതകള്‍ പൂര്‍ണമായും ഓഹരി വാങ്ങുന്നവര്‍ ഏറ്റെടുക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.