Connect with us

National

രാഹുലും ശ്രേയസും വീണ്ടുമൊന്നിച്ചു; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് അനായാസ ജയം

Published

|

Last Updated

ഓക്‌ലൻഡ് | കെ എല്‍ രാഹുലും ശ്രേയസ് അയ്യറും ഒരിക്കല്‍ കൂടി തിളങ്ങിയപ്പോള്‍ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മിന്നുന്ന ജയം. ഒന്നാം മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച ഇന്ത്യ ഇത്തവണ നേടിയത് ഏഴ് വിക്കറ്റിന്റെ അനായസ വിജയം. ന്യൂസിലന്‍ഡ് മുന്നോട്ട് വച്ച 133 എന്ന ചെറിയ സ്‌കോര്‍ 17.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. സ്‌കോര്‍: ന്യൂസിലന്‍ഡ്-132/5 (20.0), ഇന്ത്യ-135/3 (17.3).

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കിവീസിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരാണ് കിവീസിന്റെ പതനത്തിന് ആഴം കൂട്ടിയത്. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് നേടി. ശ്രധുല്‍ ഠാക്കൂര്‍, ബുംറ, ദുബേ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് താളം തെറ്റിയ തുടക്കമായിരുന്നു. രോഹിത് ശര്‍മ രണ്ടാം മത്സരത്തിലും നിറം മങ്ങി. ആറ് പന്തുകള്‍ നേരിട്ട രോഹിത് രണ്ട് ബൗണ്ടറികള്‍ പറത്തിയതിനു പിന്നാലെ പുറത്തായി. പിന്നീടെത്തിയ വിരാട് കോലിക്കും ഇന്ത്യന്‍ ബാറ്റിംഗിന് താളം നല്‍കാനായില്ല. 12 പന്തില്‍ 11 റണ്‍സുമായി കോലിയും മടങ്ങി. പിന്നീട്, ഈഡനിലെ വിജയ ശില്‍പികള്‍ ഓക്‌ലന്‍ഡിലും ഒരുമിക്കുന്ന കാഴ്ച. ആദ്യ കളിയില്‍ 204 റണ്‍സിന്റെ വിജയലക്ഷ്യത്തിനു മുന്നില്‍ തകര്‍ന്ന കിവീസ് ബൗളര്‍മാര്‍ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് മുന്നില്‍ നിസഹായരായി. 33 പന്തില്‍ 44 റണ്‍സ് നേടി ശ്രേയസ് അയ്യര്‍ പുറത്താകുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് വെറും എട്ട് റണ്‍സ് മാത്രം. സോധിയുടെ പന്തില്‍ സൗത്തിയുടെ പറക്കും ക്യാച്ചിലായിരുന്നു ശ്രേയസിന്റെ മടക്കം. നേരിട്ട നാല് പന്തില്‍ രണ്ട് ബൗണ്ടറി നേടി ശിവം ദുബേ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 50 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പടെ 57 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് കളിയുടെ താരം.