തുര്‍ക്കിയില്‍ വന്‍ ഭൂചലനം; 19 മരണം; ആയിരത്തോളം പേര്‍ക്ക് പരുക്ക്

Posted on: January 25, 2020 6:09 pm | Last updated: January 25, 2020 at 6:09 pm

ഇസ്തംബൂള്‍ | തുര്‍ക്കിയുടെ കിഴക്കന്‍ ഇലാസിഗ് പ്രവിശ്യയില്‍ ശക്തമായ ഭൂചലനത്തില്‍ 19 മരണം. 900ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിനുപിന്നാലെ 2.7 മുതല്‍ 5.4 വരെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു.

എലസിഗില്‍ 560 പേര്‍ക്കും, മലത്യയില്‍ 226 പേര്‍ക്കും, കഹ്‌റന്‍മാരസില്‍ 37 പേര്‍ക്കും, സന്‍ലിയൂര്‍ഫയില്‍ 34 പേര്‍ക്കും, ഡിയാര്‍ബാകീറില്‍ 34 പേര്‍ക്കും, അഡിയമാനില്‍ 25 പേര്‍ക്കും ബാറ്റ്മാനില്‍ ആറ് പേര്‍ക്കും പരിക്കേറ്റു. എല്ലാ വകുപ്പുകളും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റീസെപ് തയ്യിപ് ഉര്‍ദുഗാന്‍ പറഞ്ഞു.

ഗ്രീക്ക് വിദേശകാര്യ മന്ത്രി നിക്കോസ് ഡെന്‍ഡിയാസ് നേരത്തെ തുര്‍ക്കി വിദേശകാര്യമന്ത്രിയെ ടെലിഫോണില്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു.