ദേശാടന പക്ഷികൾ വിട പറയുന്നു; 158 ഇനങ്ങളിലായി 26,760 പക്ഷികളെ കണ്ടെത്തി

തൃശൂർ, പൊന്നാനി കോൾ മേഖലയിൽ നീർപ്പക്ഷികളുടെ സർവേ നടത്തി
Posted on: January 25, 2020 2:49 pm | Last updated: January 25, 2020 at 2:49 pm
വർണക്കൊക്ക്

മലപ്പുറം | തൃശൂർ – പൊന്നാനി കോൾ മേഖലയിലെ 28ാമത് നീർപ്പക്ഷികളുടെ സർവേയിൽ 158 ഇനങ്ങളിലായി 26,760 പക്ഷികളെ കണ്ടെത്തി.
ദേശാടന പക്ഷികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ദേശാടന പക്ഷികളുടെ കുറവിന് ഇടയാക്കിയത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ശൈത്യ മേഖലയിൽ മഞ്ഞ് ഉരുകുന്നതിനാൽ ദേശാടന പക്ഷികളുടെ ആവാസ്ഥ വ്യവസ്ഥക്ക് കോട്ടം സംഭവിച്ചതാണ് കാരണം.
ഇതേത്തുടർന്ന് പ്രജനന മേഖലയിൽ മാറ്റങ്ങൾ സംഭവിക്കുന്നതാണ് ഇതിന് പിന്നില്ലെന്ന് കേരള കാർഷിക സർവകലാശാല വനശാസ്ത്ര കോളജിലെ വന്യജീവി വിഭാഗം തലവൻ ഡോ. പി ഒ നമീർ സിറാജിനോട് പറഞ്ഞു.
എന്നാൽ തദ്ദേശവാസികളായ പക്ഷികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുണ്ടായിട്ടില്ല.

അതിൽ 58 ഇനങ്ങളിലായി 22,739 എണ്ണം നീർപ്പക്ഷികളാണ്.
ദേശാടന പക്ഷികളായ ആളകൾ, എരണ്ടകൾ, കാടക്കൊക്കുകൾ എന്നിവയുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തുന്നത്.

താലിപ്പരുന്ത്

സ്ഥിരവാസികളായ കൊക്കുകൾ, കൊറ്റികൾ, എരണ്ടത്താറാവുകൾ എന്നിവയുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നത് കോൾപ്പാടങ്ങൾ പക്ഷികൾക്ക് ഇപ്പോഴും പറുദീസയാണ് എന്നതിന് തെളിവാണ്.
കേരള കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രവും ഫോറസ്ട്രി കോളജും കോൾ ബേർഡ്സ് കൂട്ടായ്മയും സംയുക്തമായി നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നൂറോളം പക്ഷി നിരീക്ഷകർ പങ്കെടുത്തു. കോൾ മേഖലയെ 12 ഭാഗങ്ങളാക്കി തിരിച്ചാണ് കണക്കെടുപ്പ് നടത്തിയത്.

ഒരു തണ്ണീർത്തടത്തിൽ കാണപ്പെടുന്ന നീർപ്പക്ഷികളുടെ വൈവിധ്യവും എണ്ണവും ആ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന്റെയും ശോഷണത്തിന്റെയും കൃത്യമായ ചിത്രം തരുന്നതിനാലാണ് എല്ലാ വർഷവും നീർപ്പക്ഷികളുടെ സെൻസസ് നടത്തുന്നതെന്നും ഡോ. പി ഒ നമീർ സിറാജിനോട് പറഞ്ഞു.

 

പക്ഷിളുടെ ഇനം 2019 2020
എരണ്ടകൾ 10133 7360
അരിവാൾ കൊക്കൻ 989 435
കൊക്കുകൾ 1064 499
കൊച്ചകൾ 1422 1189
വെള്ളരി പക്ഷികൾ 5017 4296
നീർ കാക്കകൾ 5077 3215
കടൽ പക്ഷികൾ 3507 2260
ആളകൾ 795 2136
താമരക്കോഴികൾ 343 117
കത്രികക്കിളികൾ 915 650