മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയോട് പാക്കിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെട്ട് ബി ജെ പി മന്ത്രി

Posted on: January 25, 2020 11:57 am | Last updated: January 25, 2020 at 2:26 pm

ബെംഗളൂരു |  മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയോട് പാക്കിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെട്ട് കര്‍ണാടക ആരോഗ്യമന്ത്രിയും ബി ജെ പി നേതാവുമായ ബി ശ്രീരാമുലു. കുമാര സ്വാമി വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്ന് ശ്രീരാമലു പറഞ്ഞു. സംഘ്പരിവാര്‍ നയങ്ങളോട് വിയോജിക്കുന്നവരോടെല്ലാം പാക്കിസ്ഥാനിലേക്ക് പോകാന്‍ ബി ജെ പി നേതാക്കള്‍ കഴിഞ്ഞ കുറേകാലമായി നിരന്തരം ആവശ്യപ്പെടുന്നതാണ്. ഇതേ തിട്ടൂരമാണ് ഒരു മുന്‍ മുഖ്യമന്ത്രിയോടും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ കുമാരസ്വാമി എന്തിനാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. പാക്കിസ്ഥാനോട് അത്രമാത്രം സ്‌നേഹമാണെങ്കില്‍ അദ്ദേഹം പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലത്. ഇങ്ങനെ ഇരട്ട രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. അദ്ദേഹത്തിന് പാകിസ്ഥാനോടും ഇന്ത്യയോടും നീതിപുലര്‍ത്തണം-ശ്രീരാമുലു കുറ്റപ്പെടുത്തി.
മുന്‍പ്രധാനമന്ത്രിയുടെ മകനും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമാണെന്ന കാര്യം കുമാരസ്വാമി മറക്കരുതെന്നും ശ്രീരാമലു കൂട്ടിച്ചേര്‍ത്തു.