Connect with us

Kerala

ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണം: പ്രമേയ ആവശ്യവുമായി പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം |  കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. ഇക്കാര്യം നിയമസഭ ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പ്രമേയ നോട്ടീസ് നല്‍കി. വരുന്ന സഭാ സമ്മേളനത്തില്‍ പ്രമേയം പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോടീസ് നല്‍കിയിരിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന് ബാധ്യതയാണെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായാണ് പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. ഇത് ചോദ്യം ചെയ്ത ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ക്ക് ഇതിന് അവകാശമില്ല. പൗരത്വ നിയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നിരന്തരം വാര്‍ത്താസമ്മേളനം വിളിച്ച് അഭിപ്രായങ്ങള്‍ പറയുന്നു. സാധാരണ ഗവര്‍ണര്‍മാര്‍ക്ക് പറയാനുള്ളത് വാര്‍ത്താക്കുറിപ്പായി മാധ്യമങ്ങള്‍ക്ക് നല്‍കാറാണുള്ളത്. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയലക്ഷ്യം വെച്ച് മാധ്യമങ്ങള്‍ക്ക് മുമ്പാകെ എത്തുകയാണ്. ഗവര്‍ണറുടെ പല നടപടികളും ചട്ടങ്ങള്‍ക്ക് എതിരാണ്.

നിയമസഭയേയും സര്‍ക്കാറിനേയും അവഹേളിച്ച് ഗവര്‍ണര്‍ നിരന്തരം രംഗത്തെത്തുമ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.