National
വര്‍ഗീയ പരാമര്‍ശം: കപില്‍ മിശ്രക്കെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി | ബി ജെ പി നേതാവ് കപില്‍ മിശ്ര ട്വിറ്ററില്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി എട്ടിനു നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ പോസ്റ്റ് ട്വിറ്ററില്‍ നിന്ന് നീക്കണമെന്ന് നിര്‍ദേശിക്കുകയും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തതിനു പിന്നാലെയാണ് കമ്മീഷന്‍ നടപടി. ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, വിശദീകരണം നല്‍കാന്‍ കപില്‍ മിശ്ര മൂന്നു ദിവസത്തെ സാവകാശം ചോദിച്ചു. തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതുമായാണ് മിശ്രയുടെ പ്രതികരണം.
എട്ടാം തീയതി ഡല്‍ഹി തെരുവുകളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം നടക്കുന്നു എന്ന മിശ്രയുടെ പ്രതികരണമാണ് വിവാദമായത്. ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന കപില്‍ മിശ്ര, കെജ്‌രിവാളിനോടുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിടുകയും ബി ജെ പിയില്‍ ചേരുകയുമായിരുന്നു.






