ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യാ ഉത്സവിന് തുടക്കം

Posted on: January 24, 2020 8:18 pm | Last updated: January 24, 2020 at 8:18 pm

അബൂദബി | ഇന്ത്യയില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളുടെയും മറ്റ് ഉത്പന്നങ്ങളുടെയും വിപുലമായ കച്ചവട മേള ‘ഇന്ത്യാ ഉത്സവിന്’ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ തുടക്കമായി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൂടി ഭാഗമായി ജനുവരി 28 വരെയാണ് ഉത്സവം നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വിഭവങ്ങള്‍, പാനീയങ്ങള്‍, നൃത്ത സംഗീതമടക്കമുള്ള സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയെല്ലാം ഈ ദിവസങ്ങളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആസ്വദിക്കാന്‍ കഴിയും.

ഇന്ത്യയില്‍ നിന്നുള്ള മൂവായിരത്തോളം വ്യത്യസ്ത ഉത്പന്നങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ ഉത്സവത്തിന്റെ ഉദ്ഘാടനം യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപവാല, റീജ്യണല്‍ ഡയറക്ടര്‍ ടി പി അബൂബക്കര്‍, സി സി ഒ. വി നന്ദകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഭക്ഷണ വിഭവങ്ങള്‍ക്ക് പുറമെ ഇന്ത്യയുടെ തനത് കലാരൂപങ്ങള്‍ സ്വദേശികള്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മുന്നില്‍ അവതരിപ്പിക്കുന്ന മികവാര്‍ന്ന പദ്ധതിയാണിതെന്ന് പവന്‍ കപൂര്‍ പറഞ്ഞു. ഇന്ത്യന്‍ സംസ്‌കൃതിയും രുചിഭേദങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന് സൈഫി രൂപവാല പറഞ്ഞു.