Connect with us

National

മോദിയും ബിജെപിയും ജനാധിപത്യ ഇന്ത്യയെ തകര്‍ക്കുന്നു: ദി എക്കണോമിസ്റ്റ് മാസിക

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ച് ദി എക്കണോമിസ്റ്റ് മാസികയില്‍ കവര്‍ ലേഖനം. പൗരത്വ ഭേഗദതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മാസിക രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോദിയും കൂട്ടരും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് മാസികയിലെ “അസഹിഷ്ണുത ഇന്ത്യ” എന്ന ലേഖനം കുറ്റപ്പെടുത്തുന്നു.

രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുവാനാണ് മോദി ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും പേരില്‍ വിഭജിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമം. ഇന്ത്യയെ ഹിന്ദുരാജ്യമാക്കി മാറ്റുമെന്ന് 20 കോടിയോളം വരുന്ന മുസ് ലിംകള്‍ ഭയപ്പെടുന്നുണ്ടെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. എണ്‍പതുകളില്‍ രാമക്ഷേത്രത്തിനായി ബിജെപി നടത്തിയ പ്രക്ഷോഭങ്ങളുടെയും അതിലൂടെ ബിജെപിക്കുണ്ടായ വളര്‍ച്ചയുടെയും ചരിത്രവും ലേഖനം അക്കമിട്ട് നിരത്തുന്നുണ്ട്.

അതേസമയം, ലേഖനത്തിന് എതിരെ ബിജെപി നേതാവ് ഡോ. വിജയ് ചൗത്താല രംഗത്ത് വന്നു. കൊളോണിയല്‍ ചിന്താഗതിയുള്ള ധിക്കാരികളാണ് എക്കണോമിസ്റ്റ് വാരിക എഡിറ്റര്‍മാരെന്ന് വിജയ് ചൗത്താല ട്വീറ്റ് ചെയ്തു. ബ്രിട്ടീഷുകാര്‍ 1947ല്‍ രാജ്യം വിട്ടുവെന്നാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ എക്കണോമിസ്റ്റിലെ എഡിറ്റര്‍മാര്‍ ഇപ്പോഴും കൊളോണിയല്‍ കാലത്ത് ജീവിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.