Connect with us

Editorial

ഗവര്‍ണര്‍ പദവിയില്‍ പുനരാലോചന ആവശ്യം

Published

|

Last Updated

ഗവര്‍ണര്‍ പദവി അധികപ്പറ്റാണെന്നും അതെടുത്തു കളയണമെന്നുമുള്ള ആവശ്യം ഉയരാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസ് നമ്പൂതിരിപ്പാട് തൊട്ട് പലരും ഗവര്‍ണര്‍ പദവിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ കോടതി കയറിയിരിക്കുകയാണ് ഈ ആവശ്യം. ഗവര്‍ണര്‍ പദവി നീക്കുന്നതിനു ഭരണഘടനാ ഭേദഗതിക്കായി ലോക്‌സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചിരിക്കുന്നു കോണ്‍ഗ്രസ് അംഗം ടി എന്‍ പ്രതാപന്‍. കേരളത്തിലും പശ്ചിമ ബംഗാളിലും ഗവര്‍ണര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ട നിയമസഭക്കും സര്‍ക്കാറിനുമെതിരെ ഭരണഘടനാ വിരുദ്ധമായ ഇടപെടലുകള്‍ നടത്തുകയും മഹാരാഷ്ട്രയിലും കര്‍ണാടകയിലും മറ്റും ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ബില്‍ അവതരിപ്പിക്കപ്പെട്ടത്. കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടമാണ് ഗവര്‍ണര്‍ പദവി. സ്വതന്ത്ര ഇന്ത്യയില്‍ അത്തരമൊരു പദവി ആവശ്യമില്ലെന്നും അതെടുത്തു കളയുന്നതിനെക്കുറിച്ച് സജീവ ചര്‍ച്ച നടക്കേണ്ടതുണ്ടെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗവര്‍ണര്‍ വേണമെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 153 അനുശാസിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 154 പ്രകാരം സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് ഭരണ നിര്‍വഹണ അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തവുമാണ്. ഇതനുസരിച്ചാണ് ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. കേന്ദ്രത്തിന്റെ ഉപദേശ പ്രകാരം രാഷ്ട്രപതിയാണ് നിയമനം നടത്തുന്നത്. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഇത്തരമൊരു പദവി നിലവില്‍ വന്നത്. വിമോചന സമരം ഒരു തരത്തിലും പ്രതിരോധിക്കാനാകാത്ത വിധം ശക്തമായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രവിശ്യാതലത്തില്‍ ഇന്ത്യക്കാര്‍ക്ക് ചെറിയ തോതില്‍ ഭരണപങ്കാളിത്തം കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രവിശ്യകളിലെ തങ്ങളുടെ മേല്‍കൈ ഉറപ്പ് വരുത്താനും പ്രവിശ്യാ ഭരണകൂടങ്ങളെ നിയന്ത്രിക്കാനുമാണ് ഈ പദവി കൊണ്ടുവന്നത്. ദേശീയ സമരത്തിന്റെ തലപ്പത്തെ നേതാക്കള്‍ അന്ന് ഗവര്‍ണര്‍ പദവിയോട് രൂക്ഷമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എങ്കിലും സ്വാതന്ത്ര്യാനന്തരം ഭരണഘടന തയ്യാറാക്കുമ്പോള്‍ ഗവര്‍ണര്‍ പദവി തുടരുന്നതിനെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നപ്പോള്‍, സംസ്ഥാനങ്ങളുടെ മേല്‍ കേന്ദ്രത്തിന് ഒരു നിയന്ത്രണവും ഇല്ലാതായാല്‍ വിഘടനവാദം ഉയരാന്‍ ഇടയാക്കുമെന്ന ആശങ്കയില്‍ ഭരണഘടനാ നിര്‍മാണ സമിതി ആ പദവി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനങ്ങളുടെ ഭരണ തലപ്പത്ത് കാര്യപ്രാപ്തിയും അനുഭവ സമ്പത്തുമില്ലാത്ത ജനപ്രതിനിധികള്‍ വരാന്‍ ഇടയായാല്‍ അത് പരിഹരിക്കാന്‍ ഗവര്‍ണര്‍ പദവി ഉപകരിക്കുമെന്നു സമിതി കണക്കുകൂട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ വര്‍ഷങ്ങളില്‍ ഭരണരംഗത്ത് പരിചയ സമ്പന്നര്‍ തുലോം കുറവുമായിരുന്നല്ലോ.

സംസ്ഥാന ഭരണകൂടത്തിനു മുകളിലുള്ള അധികാര കേന്ദ്രമല്ല, ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഭരണ മേഖലയില്‍ സംസ്ഥാന സര്‍ക്കാറിന് ഉപദേശകനും സഹായിയുമെന്നതിനൊപ്പം കേന്ദ്രവുമായുള്ള സംസ്ഥാനത്തിന്റെ ബന്ധം ഊഷ്മളമാക്കാനുള്ള കണ്ണിയുമാണ് ഗവര്‍ണര്‍. അങ്ങനെയാണ് ഭരണഘടനാ സമിതി ഈ പദവിയെ വിഭാവനം ചെയ്തത്. ഇന്ന് പക്ഷേ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ഉപകരണം മാത്രമായി തരംതാഴ്ന്നിരിക്കുന്നു ഗവര്‍ണര്‍മാര്‍. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അവിശ്വാസത്തിന്റെ നിഴലിലാണ് ഗവര്‍ണര്‍മാര്‍ വിഹരിക്കുന്നത്. ഗവര്‍ണര്‍മാരുടെ നിയമന മാനദണ്ഡങ്ങളെക്കുറിച്ചും പ്രവര്‍ത്തന രീതിയെക്കുറിച്ചും വിവിധ കമ്മീഷനുകളും കോടതികളും മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തത്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച, സംസ്ഥാനത്തിനു പുറത്തു നിന്നുള്ള നിഷ്പക്ഷമതികളായ ഉന്നത വ്യക്തിത്വങ്ങളായിരിക്കണം ഗവര്‍ണര്‍മാരെന്നും രാഷ്ട്രീയക്കാരെ ഈ പദവിയില്‍ നിയമിക്കരുതെന്നുമാണ് സര്‍ക്കാരിയ കമ്മീഷന്റെയും എം എം പഞ്ചി കമ്മീഷന്റെയും ശിപാര്‍ശ. ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ക്കു പുറമേ സംസ്ഥാന മുഖ്യമന്ത്രിയുമായി ആലോചിച്ചു മാത്രമേ ഗവര്‍ണറെ നിയമിക്കാവൂ എന്നും സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്രഭരണ കക്ഷിയല്ലാത്തവര്‍ ഭരണം കൈയാളുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാറുകള്‍ക്ക് ശല്യവും മാര്‍ഗതടസ്സവുമായി മാറിയിട്ടുണ്ട് നിലവില്‍ ഗവര്‍ണര്‍മാര്‍. കേന്ദ്രത്തിന്റെ ഇംഗിതത്തിനൊത്തു ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുക, തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഘട്ടത്തില്‍ കൃത്രിമ മാര്‍ഗങ്ങളിലൂടെ കേന്ദ്രഭരണ കക്ഷിയെ അധികാരത്തിലേറാന്‍ സഹായിക്കുക, സംസ്ഥാന നിയമസഭ അയക്കുന്ന ബില്ലുകള്‍ തടഞ്ഞു വെച്ചു ഭരണപ്രതിസന്ധി സൃഷ്ടിക്കുക തുടങ്ങിയവയാണ് ഇന്ന് ഗവര്‍ണര്‍മാരുടെ മുഖ്യ ജോലി. ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തേക്കാള്‍ ഭരണഘടനാപരമായി ഔന്നത്യമില്ല കേന്ദ്ര സര്‍ക്കാറിന്റെ ഔദാര്യത്തില്‍ പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ ഗവര്‍ണര്‍ക്കെങ്കിലും സംസ്ഥാന സര്‍ക്കാറിനേക്കാള്‍ മുകളിലെന്ന ഭാവത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണറുടെ ഈ വഴിവിട്ട കളിയുടെ പ്രയാസം കേരളം നന്നായി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യ മാര്‍ഗേണ അധികാരത്തിലേറിയ സര്‍ക്കാറുകളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി ഗവര്‍ണര്‍മാര്‍ ഏകപക്ഷീയമായി പെരുമാറാന്‍ സാധ്യതയുണ്ടെന്ന് ഭരണഘടനാ നിര്‍മാണ സമിതിയിലെ ചില അംഗങ്ങള്‍ അന്നേ അഭിപ്രായപ്പെട്ടിരുന്നതാണ്. അതിത്രത്തോളം അതിരു കടക്കുമെന്ന് അവര്‍ നിനച്ചിരിക്കില്ല. ഈ സാഹചര്യത്തില്‍ ടി എൻ പ്രതാപന്‍ എം പി തന്റെ സ്വകാര്യ ബില്ലില്‍ ആവശ്യപ്പെട്ടതു പോലെ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അന്തസ്സത്ത സംരക്ഷിക്കാനും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഗവര്‍ണര്‍ പദവി എടുത്തു കളയുകയായിരിക്കും അഭികാമ്യം. സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിന് ഗവര്‍ണര്‍ പദവിക്കപ്പുറം ഭരണഘടനയില്‍ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളുമുണ്ടല്ലോ. തൂക്കുമന്ത്രിസഭ വരുന്ന അവസരത്തിലും മറ്റും ഗവര്‍ണറില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഇലക‌്ഷന്‍ കമ്മീഷനെയോ അതാത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയോ ഉത്തരവാദപ്പെടുത്താകുന്നതേയുള്ളൂ.