Connect with us

Kerala

അധ്യാപികയുടെ മരണം കൊലപാതകം; സഹ അധ്യാപകനും സഹായിയും കസ്റ്റഡിയില്‍

Published

|

Last Updated

മഞ്ചേശ്വരം | മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി കെ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഇതേ സ്‌കൂളിലെ അധ്യാപകനായ വെങ്കിട്ട രമണ പോലീസിന്റെ കസ്റ്റഡിയിലാണ്.

കാറില്‍ മൃതദേഹം കൊണ്ടുപോകാന്‍ സഹായിച്ച വെങ്കിട്ട രമണയുടെ സഹായിയും ഡ്രൈവറുമായ നിരജ്ഞനും പോലീസിന്‍രെ കസ്റ്റഡിയിലാണ്

ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം  കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കൊണ്ടുപോയ വെങ്കിട്ട രമണയുടെ കാറില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. വെങ്കിട്ട രമണയുായി രൂപശ്രീക്ക് ബന്ധമുണ്ടായിരുന്നു. ഇവര്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.
രൂപശ്രീയെ അവസാനമായി ഫോണില്‍ വിളിച്ചത് ഈ അധ്യാപകനാണെന്നും ഇവര്‍തമ്മില്‍ നേരത്തേ അടുപ്പമുണ്ടായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഈ അധ്യാപകനാണെന്ന് രൂപശ്രീ പറഞ്ഞിട്ടുണ്ടെന്ന് കുടുംബാംഗങ്ങളും പോലീസിനോട് പറഞ്ഞു.

ഭര്‍ത്താവിന്റെ പരാതിയുടെയും കുടുംബാംഗങ്ങളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രൂപശ്രീയെ കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. ജനുവരി 16ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്.

Latest