Connect with us

Kerala

കായംകുളം എം എസ് എം കോളജില്‍ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷം

Published

|

Last Updated

ആലപ്പുഴ | കായംകുളം എം എസ് എം കോളജിലും പരിസരത്തുമായി കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷം. സംഘര്‍ഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരു വിഭാഗം വിദ്യാര്‍ഥികളും പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പത്തോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ പഠിപ്പ് മുടക്കുമെന്ന് കെ എസ് യു അറിയിച്ചു.

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വേളയിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഇന്ന് വൈകിട്ട് ഏറ്റുമുട്ടലുണ്ടായത്. വൈകിട്ടോടെ ക്യാമ്പസിനകത്ത് തമ്മിലടിച്ച ഇരു വിഭാഗവും പിന്നീട് ക്യാമ്പസിന് പുറത്തും ഏറ്റുമുട്ടുകയായിരുന്നു.

പരുക്കേറ്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ മൊഴി പോലീസ് എടുക്കുന്നതിനിടേയും സംഘര്‍ഷമുണ്ടായി. പോലീസും കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി പോലീസ് നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ചായിരുന്നു കെ എസ് യുവിന്റെ പ്രതിഷേധം. സംഘര്‍ഷത്തില്‍ കായംകുളം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോാലീസ് ഓഫീസര്‍ മഹേഷിന് തലക്ക് പരുക്കേറ്റു. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കെ എസ് യു പ്രവര്‍ത്തകരായ മുഹമ്മദ് സുഹൈല്‍, അസര്‍ സലാം, മുഹമ്മദ് ഇര്‍ഫാന്‍, ഇജാസ് എന്നിവര്‍ അറസ്റ്റിലായി.