പെരിയാറിനെതിരായ വിവാദ പരാമര്‍ശം: രജനീകാന്തിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു

Posted on: January 23, 2020 9:36 am | Last updated: January 23, 2020 at 12:45 pm

ചെന്നൈ | സാമൂഹിക പരിഷ്‌കര്‍ത്താവും ദ്രാവിഡര്‍ കഴകം സ്ഥാപകനുമായ പെരിയാര്‍ ഇ വി രാമസാമിക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ രജനീകാന്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമാകുന്നു. രജനീകാന്ത് നായകനായ ‘ദര്‍ബാര്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താന്‍ വിവിധ തമിഴ് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

രജനികാന്തിന് പിന്തുണയുമായി ബി ജെ പി രംഗത്തെത്തിയതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമായിരുന്നു. ബി ജെ പിയുമായി കൂട്ടുകൂടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രജനീകാന്ത് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് തമിഴ് സംഘടനകള്‍ ആരോപിക്കുന്നു. പ്രസ്താവനയെ കോണ്‍ഗ്രസും അപലപിച്ചിട്ടുണ്ട്. പെരിയാറിനെ കുറിച്ച് അടിസ്ഥാന രഹിതമായ പ്രചാരണമാണ് രജനികാന്ത് നടത്തുന്നതെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെ എസ് അഴഗിരി ആരോപിക്കുകയും ചെയ്തു. പെരിയാറിനെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന താരം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ചു മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കാര്‍ത്തി ചിദംബരം ചോദിച്ചു.

ചെന്നൈയില്‍ തുഗ്ലക്ക് തമിഴ് മാസികയുടെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രസംഗിക്കവെ രജനീകാന്ത് നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. 1971-ല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പെരിയാറിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നമായ കോലം പ്രദര്‍ശിപ്പിക്കുകയും അതില്‍ ചെരുപ്പുമാല അണിയിക്കുകയും ചെയ്തുവെന്നായിരുന്നു പരാമര്‍ശം. അന്നത്തെ പത്രങ്ങളൊന്നും സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറായില്ലെന്നും എന്നാല്‍, തുഗ്ലക്കിന്റെ സ്ഥാപക എഡിറ്ററായിരുന്ന രാമസ്വാമി ഇതിനെ വിമര്‍ശിച്ച് വാര്‍ത്ത കൊടുത്തിരുന്നുവെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

പെരിയാറിനെ രജനീകാന്ത് അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഭരണത്തിലുള്ള എ ഐ എ ഡി എം കെ ഉള്‍പ്പടെയുള്ള കക്ഷികള്‍ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ദ്രാവിഡര്‍ വിടുതലൈ കഴകം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍, താന്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രജനീകാന്ത്. നടന്ന കാര്യങ്ങള്‍ മാത്രമാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും തെറ്റായ ഒരു കാര്യവും അതിലില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.