ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചത് ജനവികാരം

പ്രത്യക്ഷത്തില്‍ സമരവേദികളില്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായിട്ടില്ല ഇതുവരെയും. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും യോജിച്ചുള്ള സമരം തുടരുകയായിരുന്നു വേണ്ടത്.
Posted on: January 22, 2020 11:06 am | Last updated: January 22, 2020 at 11:07 am

പൗരത്വ നിയമ ഭേദഗതി (സി എ എ)ക്കെതിരെ യോജിച്ചുള്ള പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്മാറി യു ഡി എഫ് സ്വന്തമായ സമര പരിപാടികളിലേക്ക് നീങ്ങിയെങ്കിലും, ഭരണപക്ഷവുമായി സഹകരിച്ചുള്ള പ്രക്ഷോഭം വേണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഇപ്പോഴും ശക്തമാണെന്നു വ്യക്തമാക്കുന്നതാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ ചാണ്ടിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. സി എ എക്കെതിരെ ഡല്‍ഹിയിലും മറ്റും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു സമാനം എല്ലായിടത്തും യോജിച്ച പ്രക്ഷോഭങ്ങള്‍ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ദേശീയ കാഴ്ചപ്പാടെന്നാണ് തിരുവനന്തപുരത്ത് തിങ്കളാഴ്ച അദ്ദേഹം പറഞ്ഞത്. ഒരു മാസം മുമ്പ് സി എ എക്കെതിരായ പ്രക്ഷോഭത്തിന്റെ തുടക്കത്തിലും ഉമ്മന്‍ ചാണ്ടി ഈ സമരമുഖത്ത് ബി ജെ പിയൊഴികെയുള്ള കക്ഷികള്‍ യോജിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞിരുന്നു. 52 വര്‍ഷം മുമ്പ് കേന്ദ്രത്തില്‍ നിന്ന് അരി ലഭിക്കാനായി കേരളത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു സമരം ചെയ്ത കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. രാജ്യത്ത് മറ്റെവിടെ നടന്നതിനേക്കാളും നല്ല സന്ദേശമാണ് സര്‍വകക്ഷി കൂട്ടായ്മയുടെ യോജിച്ച സമരത്തിലൂടെ കേരളം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി ചിദംബരം തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ ദേശീയ നേതാക്കളും യോജിച്ചുള്ള സമരം ആഗ്രഹിക്കുന്നവരാണ്. പ്രാദേശിക രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം വിശാല താത്പര്യമാണ് ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും പ്രകടിപ്പിക്കേണ്ടത്. പ്രക്ഷോഭം ആര് നയിക്കുന്നുവെന്നല്ല നോക്കേണ്ടത്. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ട് നീങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രക്ഷോഭത്തില്‍ പ്രതിപക്ഷ ഐക്യം ലക്ഷ്യമാക്കി കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധി ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം സംഘടിപ്പിക്കുകയുമുണ്ടായി. കേരളത്തിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷത്തിന്റെയും നിലപാടും ഇതായിരുന്നു അടുത്ത ദിവസം വരെ. സി എ എക്കെതിരെ പ്രതിഷേധിക്കാനായി വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്താങ്ങി സംസാരിക്കവെ ചെന്നിത്തല യോജിച്ച സമരത്തിനു ശക്തമായി ആവശ്യപ്പെട്ടതാണ്.

കോണ്‍ഗ്രസില്‍ തുടക്കത്തില്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രതിപക്ഷവുമായി വിശിഷ്യാ സി പി എമ്മുമായി ചേര്‍ന്നുള്ള സമരത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നത്. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായിയോടൊപ്പം സമരവേദി പങ്കിട്ടതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ചെന്നിത്തല പ്രസ്തുത പരിപാടിയില്‍ സംബന്ധിച്ചതെന്നായിരുന്നു മുല്ലപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍. പിന്നീട് മുന്‍ കെ പി സി സി പ്രസിഡന്റുമാരായ വി എം സുധീരനും കെ മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാനും മുല്ലപ്പള്ളിക്ക് പിന്തുണയുമായെത്തി. ചെന്നിത്തലക്കെതിരായ ഇവരുടെ നീക്കം ശക്തമായതോടെയാണ് അദ്ദേഹം മലക്കം മറിഞ്ഞതും സംയുക്ത സമരത്തില്‍ നിന്ന് സി പി എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു എന്ന ആരോപണവുമായി രംഗത്തു വന്നതും.

ALSO READ  കേരളം നിയമ പോരാട്ടത്തിലേക്ക് നീങ്ങുമ്പോള്‍

സംയുക്ത സമരത്തോടുള്ള കോണ്‍ഗ്രസിന്റെ വിശിഷ്യാ മുല്ലപ്പള്ളിയുടെ എതിര്‍പ്പിന്റെ പിന്നിലെ വികാരമെന്തെന്നത് ദുരൂഹമാണ്. സമരത്തിന്റെ ക്രെഡിറ്റെല്ലാം മുഖ്യമന്ത്രി കൊണ്ടു പോകുമെന്ന ആശങ്കയാണോ? ഏതായാലും അനുചിതവും ഖേദകരവുമായിപ്പോയി ഈ നിലപാട്. അസാധാരണ സാഹചര്യമാണ് രാജ്യത്തിപ്പോള്‍ നിലനില്‍ക്കുന്നത്. ഭരണഘടനയെ തന്നെ അപ്രസക്തമാക്കുന്ന നടപടികളാണ് മോദി അധികാരത്തിലേറിയ ശേഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് തുല്യപരിഗണന അനുവദിച്ചിരിക്കെ ഒരു മതവിഭാഗത്തെ പൗരത്വ ദാനത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന മോദി, അമിത് ഷാ നയം അത്യന്തം അപകടകരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമാണ്. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പാക്കിയതു പോലെ വംശീയ ഉന്മൂലനത്തിനുള്ള പുറപ്പാടിന്റെ തുടക്കമാണിത്. ജനം ഇത് തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് രാജ്യവ്യാപകമായി അരങ്ങേറുന്ന പ്രക്ഷോഭങ്ങള്‍. സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത ശക്തമായ സമരമുറകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മത, ജാതി, ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ പ്രക്ഷോഭങ്ങളുമായി സര്‍വാത്മനാ സഹകരിക്കുന്നു ജനങ്ങള്‍. ബി ജെ പി ആധിപത്യമുള്ള സംസ്ഥാനങ്ങളടക്കം ഒരു പ്രദേശവും പ്രക്ഷോഭത്തില്‍ നിന്ന് മുക്തമല്ല. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുള്ളവരും വിവിധ പാര്‍ട്ടികളോട് അനുഭാവം പുലര്‍ത്തുന്നവരുമാണ് സമരമുഖത്തുള്ളവര്‍. എന്നാല്‍ അവിടെ ഉയര്‍ത്തിപ്പിടിക്കുന്നത് പാര്‍ട്ടി പതാകകളല്ല. ദേശീയ പതാകയാണ്. പാര്‍ട്ടിക്കു വേണ്ടിയല്ല പ്രക്ഷോഭങ്ങളിലെ മുദ്രാവാക്യം. രാജ്യത്തിനു വേണ്ടിയാണ്. ഇന്ത്യയുടെ അഖണ്ഡതക്ക് വേണ്ടിയാണ്. രാജ്യത്തിന്റെ ബഹുസ്വരതയും സവിശേഷ സംസ്‌കാരവും നിലനിര്‍ത്തുന്നതിനുള്ള പോരാട്ടമാണിത്.

ഇവ്വിഷയകമായി മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരള സര്‍ക്കാറും നടത്തിക്കൊണ്ടിരിക്കുന്നത്. നിയമസഭ പ്രമേയം പാസ്സാക്കുകയും കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തതിനു പുറമേ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലുമായും പൗരത്വ രജിസ്റ്ററുമായും സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുമുണ്ട് തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ. പ്രത്യക്ഷത്തില്‍ സമരവേദികളില്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായിട്ടില്ല ഇതുവരെയും. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും യോജിച്ചുള്ള സമരം തുടരുകയായിരുന്നു വേണ്ടത്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചൂണ്ടിക്കാട്ടിയതു പോലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിനു സന്നദ്ധമാകുകയും യോജിച്ചുള്ള സമരത്തിലേക്ക് തിരിച്ചു വരികയും ചെയ്യേണ്ടതുണ്ട്. വേര്‍പ്പെട്ടുള്ള സമരങ്ങള്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ സഹായിക്കുകയേ ഉള്ളൂ.