പെരിയാറിനെതിരായ പരാമര്‍ശം; മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി രജനീകാന്ത്

Posted on: January 21, 2020 3:13 pm | Last updated: January 21, 2020 at 8:01 pm

ചെന്നൈ | സാമൂഹിക പരിഷ്‌കര്‍ത്താവും ദ്രാവിഡര്‍ കഴകം സ്ഥാപകനുമായ പെരിയാര്‍ ഇ വി രാമസാമിക്കെതിരെ താന്‍ നടത്തിയ പരാമര്‍ശം വിവാദമായെങ്കിലും മാപ്പ് പറയില്ലെന്ന നിലപാടുമായി നടന്‍ രജനീകാന്ത്. പെരിയാറിനെ രജനീകാന്ത് അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ പലയിടങ്ങളിലും പ്രതിഷേധം തുടരുന്നതിനിടെയാണ് പരാമര്‍ശം പിന്‍വലിക്കാന്‍ തയാറല്ലെന്ന് രജനീകാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നടന്ന കാര്യങ്ങള്‍ മാത്രമാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും തെറ്റായ ഒരു കാര്യവും അതിലില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് പുറത്തിറങ്ങിയ മാസികയില്‍ വന്ന കുറിപ്പുകള്‍ അടിസ്ഥാനമാക്കിയാണ് താന്‍ പ്രതികരിച്ചത്.

ചെന്നൈയില്‍ തുഗ്ലക്ക് തമിഴ് മാസികയുടെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രസംഗിക്കവെ രജനീകാന്ത് നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. 1971-ല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പെരിയാറിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും നഗ്നമായ കോലം പ്രദര്‍ശിപ്പിക്കുകയും അതില്‍ ചെരുപ്പുമാല അണിയിക്കുകയും ചെയ്തുവെന്നായിരുന്നു പരാമര്‍ശം. അന്നത്തെ പത്രങ്ങളൊന്നും സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറായില്ലെന്നും എന്നാല്‍, തുഗ്ലക്കിന്റെ സ്ഥാപക എഡിറ്ററായിരുന്ന രാമസ്വാമി ഇതിനെ വിമര്‍ശിച്ച് വാര്‍ത്ത കൊടുത്തിരുന്നുവെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ഭരണത്തിലുള്ള എ ഐ എ ഡി എം കെ ഉള്‍പ്പടെയുള്ള കക്ഷികള്‍ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ദ്രാവിഡര്‍ വിടുതലൈ കഴകം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.