Connect with us

International

നേപ്പാളിലെ റിസോര്‍ട്ടില്‍ മലയാളികളായ എട്ട് വിനോദ സഞ്ചാരികള്‍ മരിച്ച നിലയില്‍

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളിലെ റിസോര്‍ട്ടില്‍ മലയാളികളായ എട്ട് വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് സംഭവം. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ ദമ്പതിമാരും കുട്ടികളുമാണ് മരിച്ചത്. ദുബൈയില്‍ എന്‍ജിനീയറായ ചെങ്കോട്ടുകോണം പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), ശ്രീഭദ്ര (ഒമ്പത്), കുന്ദമംഗലം ടി ബി രഞ്ജിത് കുമാര്‍, ഇന്ദു രഞ്ജിത്ത്, അഭിനവ് (ഒമ്പത്), അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചതെന്നും ഹീറ്ററില്‍ നിന്നുള്ള വാതകം ശ്വസിച്ചതാകാം മരണ കാരണമെന്നും പോലീസ് പറഞ്ഞു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നോര്‍ക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ച 15 അംഗ യാത്രാ സംഘമാണ് ഇന്നലെ രാത്രി റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നത്. എല്ലാ വാതിലുകളും ജനലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്ന് റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു. നാലു മുറികള്‍ ബുക്ക് ചെയ്തിരുന്നുവെങ്കിലും എട്ടുപേര്‍ താമസിച്ചത് ഒരേ മുറിയിലായിരുന്നു.

Latest