Connect with us

Socialist

ആ വിളക്കും അണഞ്ഞു...

Published

|

Last Updated

ശൈഖുനാ വാളക്കുളം ബീരാൻ കുട്ടി മുസ്ലിയാർ ഉസ്താദവർകളുടെ വേർപാട് ഉമ്മത്തിനെ, വിശിഷ്യാ ശിഷ്യഗണങ്ങളെ ഏറെ ദു:ഖത്തിലാഴ്ത്തി.
കൈപ്പറ്റ ഉസ്താദിന്റെ ശിഷ്യ പ്രധാനികളിൽ ഒരാളായ ശൈഖുനാ, മലപ്പുറം ജില്ലയിലെ കുര്യാട്, കാനാഞ്ചേരി എന്നിവിടങ്ങളിൽ ദീർഘമായ 34 വർഷം ദർസ് നടത്തിയ ശേഷം ശൈഖുനാ കാന്തപുരം ഉസ്താദിന്റെ ക്ഷണ പ്രകാരം 93 ലാണ് മർകസിലെത്തുന്നത്.

മഹല്ലി, ശർഹുൽ അഖാഇദ്, തശ് രീഹുൽ അഫ്ലാഖ്, സ്വഹീഹ് മുസ്‌ലിം, മുവത്വ തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം അവിടുത്തെ തിരുമുഖത്ത് നിന്നാണ് മർകസിൽ വെച്ച് ഞങ്ങൾ ഓതിയത്.
കൈപ്പറ്റ ഉസ്താദിന്റെ പക്കൽ നിന്ന് നന്നാക്കിയ ശ്റഹുൽ അഖാഇദിന്റെ പഴയ കോപ്പി ആവശ്യപ്പെടുമ്പോൾ ഞാൻ കൈവിട്ട് കൊടുക്കാറില്ല. തങ്ങൾ എടുത്തോളൂ എന്ന് പറഞ്ഞ് തന്നത് ഏറെ സന്തോഷമുള്ള അനുഭവമായിരുന്നു.


അവിടുത്തെ ക്ലാസ് ഒരു വികാരമായിരുന്നു. അതിലേറെ അനുഭൂതിയും. 
ശാന്തം, ലളിതം, സരസം, ചിന്തനീയം. ഏതാണ് അവിടുത്തെ ദർസിൽ മികച്ച് നിൽക്കുക എന്ന് ചോദിച്ചാൽ ഞങ്ങൾ ശിഷ്യൻമാർ കുഴങ്ങും.
ശൈഖുനാ കൈപ്പറ്റ ഉസ്താദിനെ ഒന്ന് ഓർത്ത് പറഞ്ഞ് കണ്ണീർ തുടക്കാതെ മിക്ക ക്ലാസുകളും സമാപിക്കാറില്ല.

മിടുക്കൻമാരായ വിദ്യാർഥികളുടെ ആഴം കണ്ട ചോദ്യങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി തന്നിട്ട് ഒരിളം ചിരിയുണ്ട്, പിന്നെ ഒരു കമന്റും; “ഇതൊക്കെ എന്റെതല്ല, കൈപ്പറ്റ ഉസ്താദിന്റെടുത്ത്ന്ന് കിട്ടിയതാട്ടോ”.
ഇന്നലെ പോലെ ആ രംഗങ്ങൾ കണ്ണിൽ മാറി മറിയുന്നു.
റബ്ബേ സ്വർഗ്ഗത്തിലും കൂടെ കൂട്ടണേ!

ശൈഖുനാ സുൽത്താനുൽ ഉലമയോട് വല്ലാത്ത ബഹുമാനമായിരുന്നു; ശൈഖുനാക്ക് അങ്ങോട്ടും. കഴിഞ്ഞ മാസം ഞങ്ങൾ 98 മർകസ് ബേച്ച് “മശാഇഖൻമാരുടെ ചാരത്തേക്ക്” എന്ന ഒരു പരിപാടി സംഘടിപ്പിച്ച് നെല്ലിക്കുത്ത് ഉസ്താദ് അലനല്ലൂർ ഉസ്താദ് തുടങ്ങിയവരുടെ ഖബറിടം സന്ദർശിച്ചിരുന്നു.

വെന്നിയൂരിലെ ഹസൻ സഖാഫിയുടെ വീട്ടിൽ ഒത്തുകൂടുകയും ശൈഖുനാ വാളക്കുളം ഉസ്താദ് അവിടെ വന്ന് ഞങ്ങൾക്ക് ഉപദേശം നൽകി ദുആ ചെയ്ത് തരികയും ചെയ്തത് മറക്കാനാവുന്നില്ല.

അന്ന് വ്യക്തിപരമായി ഞങ്ങളോട് ഒരു കാര്യമേ പങ്ക് വെച്ചുള്ളൂ. പൂക്കിപറമ്പ് പള്ളിയിലാണ് എന്റെ ഖബ്ർ സംവിധാനിക്കാൻ ഞാൻ ഏർപ്പാട് ചെയ്തതെന്ന്. ഉഖ്‌റവിയ്യായ പണ്ഡിതൻമാർക്ക് അതിലപ്പുറം എന്ത് ചിന്തയാണ് പിന്നെ ഉണ്ടാവുക!

ശൈഖുനാക്ക് മക്കളുണ്ടായിരുന്നില്ല. പിതൃ തുല്യനായ കാന്തപുരം ഉസ്താദും സ്നേഹ ഭാജനങ്ങായ ശിഷ്യൻമാരും ആ വിടവിനെ ഓർത്തിരിക്കാൻ അവസരം നൽകിയിട്ടുണ്ടാവില്ല.

റബ്ബേ !
വിധവയായ അവിടുത്തെ പത്നിക്കും അനാഥകളായ ഞങ്ങൾക്കും നീ പകരം നിൽക്കണേ.
അവിടുത്തെ ഖബ‌്ർ ജീവിതം നീ സ്വർഗ്ഗീയമാക്കണേ,
ജന്നാത്തുൽ ഫിർദൗസ് സസന്തോഷം ഞങ്ങൾ ഒത്ത് കൂടുന്ന വേദിയാക്കണേ.

സയ്യിദ് ത്വാഹാ സഖാഫി ഫേസ്ബുക്കിൽ പങ്കുവെച്ചത്.

---- facebook comment plugin here -----

Latest