ഹയർ സെക്കൻഡറി പരീക്ഷാ കലണ്ടർ പരിഷ്‌കരിച്ചു; ദിവസം ഒരു പരീക്ഷ മാത്രം

Posted on: January 21, 2020 6:45 am | Last updated: January 21, 2020 at 9:46 am

തിരുവനന്തപുരം | ഒരു ദിസവം രണ്ട് പരീക്ഷയായി നേരത്തേ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി പരീക്ഷാ കലണ്ടർ പരിഷ്‌കരിച്ചു.

പുതിയ കലണ്ടർ പ്രകാരം ഒരു ദിവസം ഒരു പരീക്ഷ മാത്രമായാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കിടയിൽ ആശങ്കക്കിടയാക്കിയ മാതൃകാ പരീക്ഷാ ടൈം ടേബിളാണ് മാറ്റിയിരിക്കുന്നത്. നേരത്തേ ഒരു ദിവസം രണ്ട് പരീക്ഷകൾ നടത്തി അഞ്ച് ദിവസങ്ങൾ കൊണ്ട് തീർക്കാനായിരുന്നു തീരുമാനിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാർഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ദിവസം ഒരു പരീക്ഷ മാത്രം ഉൾപ്പെടുത്തി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചത്.
അടുത്ത മാസം പതിനൊന്നിന് ആരംഭിച്ച് എട്ട് ദിവസംകൊണ്ട് പരീക്ഷ അവസാനിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 1.30നാണ് പരീക്ഷ. വെള്ളിയാഴ്ച രണ്ട് മണിക്ക് ആരംഭിക്കും. പ്രാക്ടിക്കൽ പരീക്ഷ ഇല്ലാത്ത വിഷയങ്ങൾക്ക് രണ്ട് മണിക്കൂർ 45 മിനുട്ടാണ് സമയം.

15 മിനുട്ട് കൂൾ ഓഫ് സമയമാണ്. പ്രാക്ടിക്കൽ ഉള്ളവർക്ക് 15 മിനുട്ട് കൂൾ ഓഫ് സമയം ഉൾപ്പെടെ രണ്ട് മണിക്കൂർ 15 മിനുട്ടാണ് പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്.
പരീക്ഷാ സമയം പുനഃക്രമീകരിച്ചതിനെ വിവിധ അധ്യാപക സംഘടനകൾ സ്വാഗതം ചെയ്തു.