Connect with us

International

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഭീകര ഗ്രൂപ്പുകളെ തുടച്ചു നീക്കൂ; പാക്കിസ്ഥാനോട് യു എസ്

Published

|

Last Updated

വാഷിംഗ്ടണ്‍ | തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശനവും സുസ്ഥിരവുമായ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്ന് യു എസ്. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടണമെങ്കില്‍ ഇത് അനിവാര്യമാണ്. ദക്ഷിണേഷ്യയിലെ യു എസ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സിന്റെ പാക് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് യു എസ് ഈ ആവശ്യമുന്നയിച്ചത്. നാലു ദിന സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ആലിസ് ഇസ്ലാമാബാദിലെത്തിയത്. ഉഭയകക്ഷി ബന്ധങ്ങള്‍, മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പാക്കിസ്ഥാനിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അവര്‍ ചര്‍ച്ച നടത്തും.

മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് പാക്കിസ്ഥാന്‍ തയാറായാല്‍ മാത്രമെ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനില്‍ തന്നെയും സ്ഥിരതയുണ്ടാക്കാന്‍ സാധിക്കൂ. യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു വക്താവ് പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര-വ്യവസായ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest