കുസാറ്റില്‍ വിദ്യാര്‍ഥിയെ കാറിടിച്ചു വീഴ്ത്തിയ ശേഷം മര്‍ദിച്ചു; എസ് എഫ് ഐ ഭാരവാഹികള്‍ക്കെതിരെ കേസ്

Posted on: January 20, 2020 6:00 pm | Last updated: January 20, 2020 at 6:00 pm

കൊച്ചി | കുസാറ്റില്‍ വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം മര്‍ദിച്ച സംഭവത്തില്‍ എസ് എഫ് ഐ യൂനിറ്റ് ഭാരവാഹികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. എസ് എഫ് ഐ യൂനിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാലാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥി ആസില്‍ അബൂബക്കറിനെ മര്‍ദിച്ചെന്നാണ് പരാതി. പരുക്കേറ്റ ആസില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പു സമരം നടത്തുകയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുകയും ചെയ്തിരുന്നു. നടപടിയുണ്ടാകുമെന്ന വി സിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ് ആസിലിനു നേരെ ആക്രമണമുണ്ടായത്. കുറച്ചു ദിവസം മുമ്പ് ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ആസിലിനെ ആക്രമിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.