പൗരത്വ പ്രതിഷേധം; മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്- ചെന്നിത്തല

Posted on: January 20, 2020 2:23 pm | Last updated: January 20, 2020 at 3:31 pm

ആലപ്പുഴ | പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ യോജിച്ച സമരം ആവശ്യപ്പെട്ടത് താനാണെന്നും എന്നാല്‍ സി പി എമ്മാണ് ഇതില്‍ നിന്ന് പിന്നോട്ട് പോയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധങ്ങളെ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഷ്യച്ചങ്ങല സി പി എമ്മിന്റെ ഒറ്റക്കുള്ള തീരുമാനമാണ്. പ്രതിഷേധങ്ങളുടെ പേരില്‍ നിരവധി നേതാക്കള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. അത് പ്രതിഷേധാര്‍ഹമാണ്. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെന്നത് യോഗി സര്‍ക്കാറിന്റെ രീതിയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെന്‍സസ്, എന്‍ പി ആറും എന്‍ സി ആറുമായി കൂട്ടിക്കുഴഞ്ഞു കിടക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നലപാടില്‍ ആശങ്കയുണ്ട്. ഇതില്‍ വ്യക്തത വരുത്തിയ ശേഷമേ സെന്‍സസുമായി മുന്നോട്ട് പാകാവൂ. സെന്‍സസിന് ഒപ്പം എന്‍ പി ആര്‍ ജോലികള്‍ നടപ്പാക്കേണ്ട ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വാര്‍ഡ് വിഭജനം ഇപ്പോള്‍ ആവശ്യമില്ല. സെന്‍സസ് നിയമത്തിന് വിരുദ്ധമാണ് വാര്‍ഡ് വിഭജനം. ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.