Connect with us

Kerala

പരസ്യ വിമര്‍ശനം: ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും വീഴ്ച പറ്റി- ഒ രാജഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം |  സി എ എ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാറുമായി ഏറ്റുമുട്ടല്‍ പാത സ്വീകരിക്കുന്ന ഗവര്‍ണര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ മുന്നോട്ടുപോകുമ്പോള്‍ വേറിട്ട അഭിപ്രായവുായി ഒ രാജഗോപാല്‍ എം എല്‍ എ രംഗത്ത്. സര്‍ക്കാറുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാമുണ്ടാകുമ്പോള്‍ അത് പരസ്പരം പറഞ്ഞു തീര്‍ക്കുകയാണ് ചെയ്യേണ്ടതെന്നും പൊതുജന മധ്യത്തില്‍ വിളിച്ചു പറയുകയല്ല വേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വീഴ്ച പറ്റി. ഗവര്‍ണറും മുഖ്യമന്ത്രിയുമായുണ്ടായ ഏറ്റുമുട്ടല്‍ നിര്‍ഭാഗ്യകരമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ഒരു ചായ കുടിച്ച് നടത്തുന്ന സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ് തീര്‍ക്കാനുള്ള വിഷയമാണ് ഉണ്ടായിരുന്നത്. ഇരുവരും സംയമനം പാലിക്കണം. കേന്ദ്രവും സംസ്ഥാനവുമായി ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ പക്ഷം ചേര്‍ന്ന് ഏറ്റുമുട്ടാനല്ല ഗവര്‍ണറെ അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കാണ് കൂടുതല്‍ അധികാരമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഭരണഘടനാപരമായി ഗവര്‍ണര്‍ക്കാണ്. അദ്ദേഹമാണ് ഭരണത്തിന്റെ തലപ്പത്തുള്ളത്. എന്നാല്‍ രാഷ്ട്രീയമായി നോക്കിയാല്‍ ജനാധിപത്യ വ്യവസ്ഥിയില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിക്ക് അധികാരവും അംഗീകാരവുമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.