പൊരുതിയിട്ടും ബ്ലാസ്‌റ്റേഴ്‌സ് വീണു; ജംഷഡ്പൂര്‍ എഫ് സിയോട് തോറ്റത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

Posted on: January 19, 2020 10:10 pm | Last updated: January 20, 2020 at 12:03 am

ജംഷഡ്പൂര്‍ | ഐ എസ് എല്ലില്‍ ജംഷഡ്പൂര്‍ എഫ് സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. എവേ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയം. രണ്ട് തവണ മുന്നിലെത്തിയ ശേഷമാണ് മഞ്ഞപ്പട തോല്‍വി വഴങ്ങിയത്. 86ാം മിനുട്ടില്‍ ഒഗ്ബച്ചെയുടെ ഓണ്‍ഗോള്‍ കേരളത്തിന്റെ വിധിയെഴുതി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി.

പ്ലേ ഓഫിലെത്താന്‍ ജയം അനിവാര്യമായ ബ്ലാസ്റ്റേഴ്സ് മെസി ബൗളിയിലൂടെയാണ് ആദ്യ വെടിപൊട്ടിച്ചത്. 11ാം മിനുട്ടിലാണ് താരം സ്‌കോര്‍ ചെയ്തത്. 39ാം മിനുട്ടില്‍ നോ അകോസ്റ്റയിലൂടെ ആതിഥേയര്‍ ഗോള്‍ മടക്കി. 50ാം മിനുട്ടില്‍ അബ്ദുല്‍ ഹഖ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയതോടെ ബ്ലാസ്റ്റേഴ്‌സ് പത്ത് പേരായി ചുരുങ്ങി. എന്നിട്ടും മനസ്സാന്നിധ്യം വിടാതെ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് 56ാം മിനുട്ടില്‍ ഒഗ്ബച്ചെയിലൂടെ വീണ്ടും മുമ്പിലെത്തി. 75ാം മിനുട്ടില്‍ പകരക്കാരനായെത്തിയ സെര്‍ജിയോ കോസ്റ്റല്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ജംഷഡ്പൂര്‍ സമനില പിടിച്ചു. കളി സമനിലയിലേക്ക് നീങ്ങവേ ഒഗ്ബച്ചെയുടെ ഓണ്‍ഗോള്‍ ബ്ലാസ്റ്റേഴ്സ് വലയില്‍ ചെന്നു കയറി.

ജയത്തോടെ ജംഷഡ്പൂര്‍ 16 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 13 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് പതിച്ചു.