രോഹിതിന്റെ ശതകം, കോലിയുടെ അര്‍ധ ശതകം; ഇന്ത്യക്ക് ഉജ്ജ്വല വിജയം, പരമ്പര

Posted on: January 19, 2020 9:43 pm | Last updated: January 20, 2020 at 10:30 am

ബെംഗളൂരു | രോഹിതിന്റെ ശതകത്തിന്റെയും കോലിയുടെ അര്‍ധ ശതകത്തിന്റെയും ചിറകിലേറി ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കൊത്തിയെടുത്തു. ചിന്നസ്വാമിയിലെ ഭാഗ്യ മൈതാനത്ത് ഓസീസ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസമായാണ് ഇന്ത്യ മറികടന്നത്. ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇതോടെ ഇന്ത്യ 2-1ന് സ്വന്തമാക്കിയത്. സ്‌കോര്‍: ആസ്‌ത്രേലിയ- 50 ഓവറില്‍ 286/9, ഇന്ത്യ- 47.3 ഓവറില്‍ 289/3.

മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും രാജ്‌കോട്ടില്‍ 36 റണ്‍സിന്റെ വിജയവുമായി ഇന്ത്യ മറുപടി നല്‍കി. ബെംഗലൂരുവില്‍ ആധികാരിക ജയത്തോടെ പരമ്പരയും സ്വന്തമാക്കി. ഈ വര്‍ഷം ഇന്ത്യ നേടുന്ന രണ്ടാമത്തെ പരമ്പരയാണിത്.
128 പന്തുകളില്‍ എട്ട് ബൗണ്ടറിയും ആറ് സിക്സറുകളും പറത്തിയ രോഹിത് 119 റണ്‍സെടുത്തു. 91 പന്തുകളില്‍ എട്ട് ബൗണ്ടറികളുടെ സഹായത്തോടെ 89 റണ്‍സടിച്ച വിരാട് കോലി രോഹിതിനൊപ്പം ക്രീസില്‍ ഉറച്ചു നിന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 35 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 44 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ശ്രേയസ് അയ്യരുടെ പ്രകടനം കൂടിയായപ്പോള്‍ ജയം അനായാസമായി. അയ്യര്‍ക്കൊപ്പം എട്ട് റണ്ണുമായി മനീഷ് പാണ്ഡെയും പുറത്താകാതെ നിന്നു. പരുക്കേറ്റ ധവാന്റെ അസാന്നിധ്യത്തില്‍ ഒരിക്കല്‍ക്കൂടി ഓപണറുടെ വേഷമണിഞ്ഞ രാഹുലിന് 27 പന്തില്‍ 19 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ഹെയ്സല്‍വുഡ്, ആദം സാംബ, ആഷ്ടണ്‍ അഗര്‍ എന്നിവര്‍ ഓസീസിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ, ടോസ് നേടിയ ആസ്ത്രേലിയ നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിന് 286 റണ്‍സ് നേടി. എട്ടാം ഏകദിന സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 132 പന്തുകള്‍ നേരിട്ട സ്മിത്ത് 14 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 131 റണ്‍സെടുത്തു. ഒരറ്റത്ത് കൃത്യമായ ഇടവേളയില്‍ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരിക്കെ ഇന്ത്യന്‍ ബൗളര്‍മാരെ കരുതലോടെ നേരിട്ടാണ് സ്മിത്ത് സെഞ്ച്വറിയിലെത്തിയത്. രാജ്കോട്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ രണ്ട് റണ്‍സ് അകലെ താരത്തിന്് സെഞ്ച്വറി നഷ്ടമായിരുന്നു. 54 റണ്‍സെടുത്ത മാര്‍നസ് ലെബുഷെയ്നും ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാം വിക്കറ്റില്‍ സ്മിത്തും ലെബുഷെയ്നും ചേര്‍ന്ന് 127 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലെബുഷെയ്്‌ന്റെ ആദ്യ ഏകദിന അര്‍ധ സെഞ്ച്വറിയാണിത്. അലക്സ് കാരി 35 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ (മൂന്ന്), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (19), മിച്ചല്‍ സ്റ്റാര്‍ക് (പൂജ്യം), ആഷ്ടണ്‍ ടര്‍ണര്‍ (നാല്), പാറ്റ് കമ്മിന്‍സ് (പൂജ്യം), ആദം സാംപ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്‍മാര്‍. 11 റണ്‍സുമായി ആഷ്ടണ്‍ അഗറും ഒരു റണ്ണെടുത്ത ഹെയ്സല്‍വുഡും പുറത്താകാതെ നിന്നു.

കരുതലോടെയാണ് ഓസീസ് ഓപണര്‍മാരായ ഫിഞ്ചും വാര്‍ണറും തുടങ്ങിയത്. 3.2 ഓവറില്‍ ടീം സ്‌കോര്‍ 18ല്‍ നില്‍ക്കെ വാര്‍ണറെ ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ രാഹുല്‍ പിടിച്ച് പുറത്താക്കി. ഏറെ വൈകാതെ ഫിഞ്ച് റണ്ണൗട്ടായി മടങ്ങിയപ്പോള്‍ ഓസീസ് സ്‌കോര്‍ 8.5 ഓവറില്‍ 46/2. സ്മിത്തും ലെബുഷെയ്‌നും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റാണ് ഓസീസ് ഇന്നിംഗ്സിന് അടിത്തറയിട്ടത്. അഞ്ചാം വിക്കറ്റില്‍ സ്മിത്തും കാരിയും ചേര്‍ന്നെടുത്ത 58 റണ്‍സും നിര്‍ണായകമായി. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ നേടി. നവദീപ് സെയ്നി, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഷമി 200 വിക്കറ്റ് തികച്ചു.