പ്രക്ഷോഭകരെ വെടിവച്ചു കൊന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം: ആസാദ്

Posted on: January 19, 2020 8:37 pm | Last updated: January 20, 2020 at 10:30 am

മീററ്റ് | പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ വെടിവച്ചു കൊന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് ആസാദ് ഈ ആവശ്യമുന്നയിച്ചത്. വീടുകള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടതിനാല്‍ ഒരു പൊതുസ്ഥലത്ത് ചെന്നാണ് അദ്ദേഹം കുടുംബാംഗങ്ങളെ കണ്ടത്.

പ്രക്ഷോഭകര്‍ക്കു നേരെ പോലീസ് നേരിട്ടു വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞ കുടുംബാംഗങ്ങള്‍ പോലീസ് നടത്തിയ അതിക്രമങ്ങളെ കുറിച്ച് തന്നോട് വിവരിച്ചതായി കൂടിക്കാഴ്ചക്കു ശേഷം ആസാദ് പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ജനുവരി 28ന് കോടതി വാദം കേള്‍ക്കുമെന്നും ആസാദ് വ്യക്തമാക്കി. നീതിക്കു വേണ്ടി ഭീം ആര്‍മി പാര്‍ട്ടി ഏതറ്റം വരെയും പോരാടും.

സര്‍ക്കാറിന്റെ ഉദ്ദേശ്യം ശരിയല്ലെന്ന് സി എ എ വിരുദ്ധ പ്രക്ഷോഭകരെ കൊലപ്പെടുത്തിയ നടപടിയിലൂടെ വ്യക്തമായിരിക്കുകയാണ്. ദേശീയ പൗരത്വ രജിസ്റ്ററും കരിനിയമത്തിന്റെ ഭാഗമാണ്. രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തെയും ഐക്യത്തെയും അത് പ്രതികൂലമായി ബാധിക്കും. ഈ കരിനിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉടന്‍ തയാറാകണം.

സി എ എയും എന്‍ ആര്‍ സി വിഷയങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ആസാദ് ആരോപിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നിരിക്കെ, വിഷയത്തില്‍ പ്രചാരണം നടത്താന്‍ ബി ജെ പിക്ക് അനുമതി ലഭിക്കുന്നതും ജനങ്ങളിലേക്കിറങ്ങി കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ നിന്ന് തന്നെ തടയുന്നതും എന്തുകൊണ്ടാണെന്നും ആസാദ് ചോദിച്ചു.