ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ല; പ്രസിഡന്റിന്റെ പ്രതിനിധിയെന്നത് കൊളോണിയൽ കീഴ്‌വഴക്കം: യെച്ചൂരി

ജനസമ്പർക്ക പരിപാടികളുമായി സിപിഎമ്മും; പൗരത്വ വിഷയത്തിനെതിരെ വീടുകൾ കയറും
Posted on: January 19, 2020 5:21 pm | Last updated: January 19, 2020 at 8:40 pm

തിരുവനന്തപുരം | ഗവർണർമാർ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും ഗവർണറുടെ പ്രസക്തിയെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും സി പി എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. ഗവർണർ പദവികൾ സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതാണെന്നും ഇത്തരം പദവികൾ ഇല്ലാതാക്കണമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റിന്റെ പ്രതിനിധിയെന്നത് കൊളോണിയൽ കീഴ്‌വഴക്കമാണെന്നും ജനാധിപത്യ രാജ്യത്ത് ഇതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി വിഷയിത്തിൽ സി പി എമ്മും ജനസമ്പർക്ക പരിപാടികൾ നടത്തും. ഇതിന്റെ ഭാഗമായി പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും സംബന്ധിച്ച വിഷയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ഗൃഹസന്ദർശനം നടത്തുമെന്നും യെച്ചൂരി പറഞ്ഞു.

എൻ പി ആറിന് എൻ ആർ സിയുമായി ബന്ധമുണ്ടെന്നും സെൻസസിന്റെ പേരിൽ പൗരത്വ രജിസ്റ്ററിനുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കമാണിതെന്നും എൻ പി ആർ ചോദ്യങ്ങൾക്ക് മറുപടി നൽകരുതെന്നും പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങളോട് വീടുകൾ കയറി അഭ്യർഥിക്കും. മാർച്ച് 23 വരെയാണ് പ്രചാരണം.

കേന്ദ്രത്തിനെതിരെ യോജിക്കേണ്ടത് പൊതുവായ ആവശ്യമാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ  നേതൃത്വത്തിന് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്ക് തീരുമാനമെടുത്തിട്ടുണ്ട്. സംയുക്ത സമരങ്ങളിൽ പാർട്ടി പങ്കാളികളാകുമെന്നും ഇതിനെ രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

പ്രതിഷേധക്കാർക്കെതിരെ വെടിവെപ്പുകൾ നടന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. യു പിയിലെ പൊതുമുതൽ നശിപ്പിച്ചത് ബി ജെ പി പ്രവർത്തകർ തന്നെയാണ്. പ്രക്ഷോഭത്തിന്റെ പേരിൽ പോലീസിനെ ഉപയോഗിച്ച് നിരപരാധികളെ കേന്ദ്രം വേട്ടയാടുകയാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

മോദീ ഭരണത്തിൽ സാധാരണക്കാരുടെ ജീവിതം താറുമാറായെന്നും പട്ടിണിയും തൊഴിലില്ലായ്മയും വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  കശ്മീരിൽ തടവിലാക്കിയ നേതാക്കളെ ഉടൻ മോചിപ്പിക്കണം. പൊതുഗതാഗതം പുനസ്ഥാപിക്കണം. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നും കശ്മീരിനുണ്ടായ സാമ്പത്തിക നഷ്ടത്തിന് കേന്ദ്രം നഷ്ടപരിഹാരം നൽകണമെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിനോടുള്ള വിവേചനം കേന്ദ്രം അവസാനിപ്പിക്കണം. റിപബ്ലിക് ദിനത്തിലെ ഫ്ലോട്ടിനു പോലും അനുമതി നിഷേധിച്ചു. കേരളത്തിന് അർഹമായ സാമ്പത്തിക സഹായങ്ങൾ തടഞ്ഞു വയക്കുന്നത് കേന്ദ്രം തുടരുകയാണ്. കേന്ദ്ര നയങ്ങൾക്ക് എതിരെ നിൽക്കുന്നത് കൊണ്ടാണ്  വിവേചനം നേരിടേണ്ടി വരുന്നതെന്നും പ്രളയ ദുരിതാശ്വാസത്തിൽ നിന്ന് കേരളത്തെ മാറ്റി നിർത്തിയത്  നീതീകരിക്കാനാവാത്ത വിവേചനമാണെന്നും അദ്ദേഹം വ്യക്തമാക്കി.