അമിത് ഷാക്കെതിരെ കര്‍ണാടകയിലെ ഹുബ്ലിയില്‍ പ്രതിഷേധം; നിരവധി പേര്‍ അറസ്റ്റില്‍

Posted on: January 18, 2020 9:17 pm | Last updated: January 19, 2020 at 11:05 am

ബെംഗളൂരു: സി എ എക്ക് പിന്തുണയുമായി കര്‍ണാടകയിലെ ഹുബ്ലിയില്‍ ബി ജെ പി നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ വന്‍ പ്രതിഷേധം. സവിദാന്‍ സംരക്ഷണ സമിതി എന്ന പേരിലുള്ള ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തിയ പ്രതിഷേധക്കാര്‍ അമിത് ഷായെ ഗോ ബാക്ക് വിളികളുമായാണ് എതിരേറ്റത്.

മോദി സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കുകയാണെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടികാട്ടി. പ്രതിഷേധക്കാരെ പോലീസ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതിനിടെ ഹുബ്ലിയിലെ പൊതുയോഗത്തില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് ആവര്‍ത്തിച്ചു. രാജ്യത്ത് സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമെതിരായായിരുന്നു വിമര്‍ശനം.

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അമിത് ഷാ സംവാദത്തിന് വിളിച്ചു. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി പ്രഹഌദ് ജോഷി രാഹുലിന് മറുപടി തരുമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലിങ്ങളെ എങ്ങനെയാണ് ബാധിക്കുക എന്ന് തെളിയിക്കാന്‍ രാഹുലിനെവെല്ലുവിളിക്കുകയാണ്.ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണ്. ജെ എന്‍ യുവില്‍ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ്. ഇന്ത്യയില്‍ എവിടെയും ഈ മുദ്രാവാക്യങ്ങള്‍ ഉയരാന്‍ അനുവദിക്കില്ല. പാക്കിസ്ഥാനില്‍ 30 ശതമാനം ന്യൂനപക്ഷങ്ങളുണ്ടായിരുന്നത് ഇന്ന് മൂന്ന് ശതമാനമായി ചുരുങ്ങി. ഇവരെ പാകിസ്ഥാന്‍ കൊന്നൊടുക്കിയതായും അമിത് ഷാപറഞ്ഞു.രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.