Kerala
പൗരത്വം: കേന്ദ്രം പറയുന്നത് പെരും നുണകള്‍; അന്ത്യശ്വാസം വരെ ഇതിനെതിരെ പോരാടും - കപില്‍ സിബല്‍


പൗരത്വ നിയമത്തിന് എതിരെ യുഡിഎഫ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മലബാര്‍ മേഖലാ ബഹുജന റാലിയില്‍ മുഖ്യാതിഥിയായി എത്തിയ മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരുമായി കുശലാന്വേഷണത്തില്‍. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍ സമീപം.
കോഴിക്കോട് | പൗരത്വ നിയമ ഭേദഗതി സംബന്ധിച് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുപരത്തുന്നത് പെരും നുണകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍. പൗരത്വ ഭേദഗതി നിയമം മുസ്ലിംകള്‍ക്ക് മാത്രം എതിരായ ഒന്നല്ല. അത് രാജ്യത്തെ് മുഴുവന്‍ പൗരന്മാര്‍ക്കും എതിരാണ്. അന്ത്യശ്വാസം വരെ നിങ്ങള്‍ക്കൊപ്പം ഈ നിയമത്തിനെതിരെ ഞാന്‍ പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് സംഘടിപ്പിച്ച മലബാർ മേഖലാ ബഹുജന റാലിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കേന്ദ്രം പറഞ്ഞുപരത്തുന്ന ഒന്‍പത് നുണകള്‍ അദ്ദേഹം അക്കമിട്ട് നിരത്തി.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ നടപടികള്‍ തുടങ്ങിയിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഇത് പച്ചക്കള്ളമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ എന്‍ ആര്‍ സിയുടെ തുടക്കമാണ്. ജനസംഖ്യാ രജിസ്റ്റര്‍ കണക്കെടുപ്പിനായി വരുന്ന ഉദ്യോഗസ്ഥന്‍ നിങ്ങളുടെ പേര് ചോദിക്കും. നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങളുടെ പേര് ചോദിക്കും. മാതാപിതാക്കളുടെ പേര് ചോദിക്കും. ഇത് രേഖാമൂലം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ രജിസ്റ്ററില്‍ “ഡി” അഥവാ ഡൗട്ഫുള്‍ (സംശയാസ്പദം) എന്ന് രേഖപ്പെടുത്തും. പിന്നീട് മുപ്പ് ദിവസത്തിനകം രേഖകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ സമയം തരും. അത് കഴിഞ്ഞാല്‍ 90 ദിവസം നല്‍കും. എന്നിട്ടും സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ പേര് ഇന്ത്യന്‍ പൗരന്മാരുടെ പട്ടികയില്‍ നിന്ന് പുറത്താക്കും. അതാണ് നടക്കാന്‍ പോകുന്നത് – കപില്‍ സിബല്‍ വ്യക്തമാക്കി.
അസമില്‍ എന്‍ ആര്‍ സി നടപ്പാക്കിയപ്പോള്‍ പുറത്താക്കപ്പെട്ട 19 ലക്ഷം പേരില്‍ പത്ത് മുതല്‍ 12 ലക്ഷം വരെ ആളുകള്‍ ഹിന്ദുക്കളായിരുന്നു. ഹിന്ദുക്കളെ എങ്ങനെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന ആലോചനയില്‍ നിന്നാണ് പൗരത്വ ഭേദഗതി നിയമം പിറവിയെടുക്കുന്നത്. ഹിന്ദുക്കള്‍ ഒരു കാരണത്താലും പുറത്താകില്ലെന്ന് ബിജെപി നേതൃത്വം നല്‍കിയ ഉറപ്പ് പാലിക്കുകയായിരുന്നു ഇതിലൂടെയെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ള തടവറകളുടെ നിര്‍മാണം രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. കര്‍ണാടകയില്‍ ഉള്‍പ്പെടെ ഇതിന്റെ നിര്‍മാണം നടക്കുന്നു. മാത്രവുമല്ല; ഇത്തരത്തില്‍ നിര്‍മിച്ച തടവറയില്‍ 1988 പേര്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. ഈ തടവറയില്‍ വെച്ച് 29 പേര്‍ മരിച്ചുവീണിട്ടുണ്ട്. അതിനു ശേഷമാണ് കേന്ദ്രം പറയുന്നത് അത്തരമൊരു തടവറ രാജ്യത്ത് ഒരിടത്തും ഇല്ല എന്ന്. പെരും നുണയാണിത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് നേരെ ബലപ്രയോഗം ഉണ്ടായിട്ടില്ലെന്ന് ഗവണ്‍മെന്റ് പറയുമ്പോള്‍ അതും വ്യക്തമായ നുണയാണെന്ന് പറയാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രം കൊണ്ടുവന്നത് പൗരത്വ ഭേദഗതി നിയമമല്ല. ഇത് ഏകാധിപത്യ നിയമമാണ് എന്നേ ഞാന്‍ പറയൂ. എന്റെ വലതുവശത്ത് കാണുന്നത് അറബിക്കടലാണെങ്കില്‍ ഈ സിഎഎ പിച്ചിച്ചീന്തി അതിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയും വരെ നാം വിശ്രമിക്കില്ല. പൗരത്വ നിയമത്തില്‍ കോടതിയില്‍ എന്തും സംഭവിക്കാം. പക്ഷേ കോടതിക്ക് പുറത്ത് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്തുതോല്‍പ്പിക്കും. അതാണ് കോണ്‍ഗ്രസ് നല്‍കിയ വാക്ക്. ആ വാക്ക് കോണ്‍ഗ്രസ് പാലിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ പ്രധാനമന്ത്രിയുടെ അവസ്ഥ അദ്ദേഹം ഉറങ്ങുമ്പോള്‍ പാക്കിസ്ഥാനെയാണ് കിനാവ് കാണുന്നത്. ഉണരുമ്പോഴും അദ്ദേഹത്തിന്റെ ചിന്ത പാക്കിസ്ഥാനാണ്. ഉണര്‍ച്ചയിലും ഉറക്കിലും അദ്ദേഹം പാക്കിസ്ഥാനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതുകൊണ്ടാണ് രാജ്യത്തിന് ഇത്തരം ദുരവസ്ഥ ഉണ്ടാകുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഇകെ വിഭാഗം നേതാവ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു.