Connect with us

Gulf

മഴ; രണ്ട് ദിവസത്തിനുള്ളില്‍ ഡാമില്‍ ശേഖരിച്ചത് 3.6 കോടി ഘനമീറ്റര്‍ മഴവെള്ളം

Published

|

Last Updated

അബൂദബി | കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്തുണ്ടായ മഴയില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡാമുകളില്‍ ശേഖരിച്ചത് 3.6 കോടി ഘനമീറ്റര്‍ മഴവെള്ളം. ജനുവരി 9 നും 12 നും ഇടയിലാണ് രാജ്യത്ത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. പ്രത്യേക ജലസംഭരണികളിലൂടെയും രാജ്യത്തെ 140 ലധികം ഡാമുകളിലൂടെയും മഴവെള്ളം സംരക്ഷിക്കാന്‍ കഴിഞ്ഞതായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സയൂദി പറഞ്ഞു.

രാജ്യത്ത് നിലവില്‍ 140 ഡാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള പരിശ്രമത്തിലാണ് ഊര്‍ജ മന്ത്രാലയവും അടിസ്ഥാന സൗകര്യ വികസന മന്ത്രാലയവും. മഴവെള്ളം സംരക്ഷിക്കുന്നതിനും മൂലധനത്തിനുമായി കൂടുതല്‍ മാര്‍ഗങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഞങ്ങള്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെന്ന് അല്‍ സയൂദി കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ മേഖലയിലെ അണക്കെട്ടുകള്‍ പരമാവധി 2.3 കോടി ഘനമീറ്റര്‍ മഴവെള്ളം ശേഖരിച്ചു. റാസ് അല്‍ ഖൈമയിലെ വാദി അല്‍ ബീഹ് ഡാമില്‍ മാത്രം രണ്ടു കോടി ഘനമീറ്റര്‍ നിറഞ്ഞു. റാസ് അല്‍ ഖൈമയിലെ അല്‍ ബുറൈറത്ത്, അല്‍ ഹമ്രാനിയ എന്നിവിടങ്ങളിലെ അണക്കെട്ടുകളില്‍ വെള്ളം നിറഞ്ഞു കവിഞ്ഞുവെന്ന് ഊര്‍ജ, വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മാത്തര്‍ ഹമീദ് അല്‍ നയാദി പറഞ്ഞു. ജനുവരി 10 മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ 13 ലക്ഷം ഘനമീറ്റര്‍ മഴവെള്ളം ദുബൈ തെരുവുകളില്‍ നിന്ന് ഒഴുകിയെത്തിയതായി ദുബൈ മീഡിയ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest