എ ടി കെയില്‍ ലയിച്ച് മോഹന്‍ ബഗാന്‍ സൂപ്പര്‍ ലീഗിലേക്ക്

Posted on: January 16, 2020 8:24 pm | Last updated: January 16, 2020 at 8:24 pm

കൊല്‍ക്കത്ത | ഇന്ത്യന്‍ ഫുട്‌ബോളിലെ പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായ മോഹന്‍ ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എ ടി കെയില്‍ ലയിച്ചു. മോഹന്‍ ബഗാന്റെ ആസ്ഥാനത്താണ് രണ്ട് കൊല്‍ക്കത്തന്‍ ചാമ്പ്യന്‍ ക്ലബ്ബുകളുടെ ലയനം നടന്നത്.
രണ്ട് ക്ലബ്ബുകളും കൂടി ലയിച്ച് പുതിയ ക്ലബ്ബായപ്പോള്‍ എ ടി കെയുടെ ഉടമസ്ഥരായ ആര്‍ പി സഞ്ജീവ് ഗോയങ്കെ) ഗ്രൂപ്പിന് ഇതില്‍ 80 ശതമാനം ഓഹരികളും മോഹന്‍ ബഗാന് 20 ശതമാനം ഓഹരികളുമാണുള്ളത്.

2020- 21 സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ ക്ലബ്ബ് പങ്കെടുക്കും. പുതിയ ക്ലബ്ബില്‍ എ ടി കെയുടേയും മോഹന്‍ ബഗാന്റേയും ബ്രാന്‍ഡ് നെയിമുകള്‍ നിലനിര്‍ത്തും. എ ടി കെ മോഹന്‍ ബഗാന്‍ എഫ് സി എന്ന പേരിലാകും ഇനി അറിയപ്പെടുക.
130 വര്‍ഷം പഴക്കമുള്ള ക്ലബ്ബാണ് മോഹന്‍ ബഗാന്‍. തന്റെ പിതാവ് പരേതാനായ ആര്‍ പി ഗോയങ്കെ മോഹന്‍ ബാഗാനിലെ ഒരംഗമായിരുന്നതിനാല്‍ തനിക്കിത് വൈകാരിക പുനഃസംഗമമാണെന്ന് ആര്‍ പി എസ് ജി ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്കെ പ്രതികരിച്ചു.