രണ്ടാമത് പര്‍വത സാംസ്‌കാരിക മഹോത്സവം 16, 17 തീയതികളില്‍ ഫുജൈറയില്‍

Posted on: January 16, 2020 1:34 pm | Last updated: January 16, 2020 at 1:34 pm

ഫുജൈറ | സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് പര്‍വത സാംസ്‌കാരിക മഹോത്സവം ജനുവരി 16, 17 തീയതികളില്‍ ഫുജൈറയില്‍ നടക്കും. പ്രകൃതിയുടെയും മനുഷ്യന്റെയും സംഭാഷണം എന്ന ശീര്‍ഷകത്തില്‍ ഫുജൈറ കിരീടാവകാശി മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ക്കിയുടെ രക്ഷാകര്‍ത്വത്തിലാണ് സാംസ്‌കാരിക മഹോത്സവം നടക്കുക. വിവിധ അറബ് രാഷ്ട്രങ്ങളിലെ 25 ഓളം സാംസ്‌കാരിക പ്രവര്‍ത്തകരാണ് രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക മേളയില്‍ പങ്കെടുക്കുന്നത്.

മഹോത്സവത്തില്‍ കവി അരങ്ങ്, സാംസ്‌കാരിക സദസ്സ്, അറബിക് കാലിഗ്രാഫി പ്രദര്‍ശനം, കായിക പ്രവര്‍ത്തനങ്ങള്‍, പുസ്തക മേള, മുഹമ്മദ് ജാസിമിന്റെ ചിത്രങ്ങളുടെ ഗാലറി, പരമ്പരാഗത ഭക്ഷണ പ്രദര്‍ശനവും മത്സരവും, ടര്‍ക്കിഷ് പരിപാടികളും ജനപ്രിയ ഭക്ഷണരീതികളും, സംവേദനാത്മക വര്‍ക്ക്ഷോപ്പുകള്‍, മണ്‍പാത്ര നിര്‍മാണ വര്‍ക്ക്ഷോപ്പ്, പരമ്പരാഗത വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയുണ്ടാകും. ആര്‍ട്ടിസ്റ്റ് ഹസ്സ അല്‍-ധന്‍ഹാനി കച്ചേരി അവതരിപ്പിക്കും.

ഫുജൈറ സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുജൈറ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സുകളില്‍ ഇന്ത്യ, യു എ ഇ, ഒമാന്‍, ബഹ്റൈന്‍, സഊദി അറേബ്യ, ഇറാഖ്, ഈജിപ്ത്, ഫലസ്തീന്‍, മൊറോക്കോ, സിറിയ, ലബനാന്‍, ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ബുദ്ധിജീവികള്‍, കവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. സംഗമത്തില്‍ ഇന്ത്യയില്‍ നിന്നും പ്രമുഖ ഗാന്ധിയനും കവിയുമായ പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി വി ടി വി ദാമോദരന്‍ കവിത അവതരിപ്പിക്കും.