കശ്മീര്‍: പാക് ശ്രമത്തിന് യു എന്‍ രക്ഷാസമിതിയില്‍ വീണ്ടും തിരിച്ചടി

Posted on: January 16, 2020 10:51 am | Last updated: January 16, 2020 at 3:34 pm

ന്യൂഡല്‍ഹി | കശ്മീര്‍ വിഷയം യു എന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനുള്ള പാക് ശ്രമത്തിന് വീണ്ടും തിരിച്ചടി. വിഷയത്തില്‍ ഇന്ത്യയുള്‍പ്പടെ യു എന്‍ രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും എതിര്‍ത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ചൈനയുടെ പിന്തുണയോടെയായിരുന്നു പാക്കിസ്ഥാന്റെ നീക്കം. പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയ ശേഷം മാത്രം ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ചര്‍ച്ചയാകാമെന്ന നിലപാട് ഇന്ത്യ രക്ഷാസമിതിയില്‍ ആവര്‍ത്തിച്ചു.

ഇത്തരം വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പാകിസ്ഥാന്റെ ശ്രമമെന്ന് ഇന്ത്യന്‍ പ്രതിനിധി സയീദ് അക്ബറുദ്ദീന്‍ ആരോപിച്ചു. ജമ്മു കാശ്മീരിനെ വിഭജിച്ച ഇന്ത്യയുടെ നടപടിയെ ചൈന വിമര്‍ശിച്ചിരുന്നു. നിയമവിരുദ്ധവും അസാധുവുമാണ് നടപടിയെന്നായിരുന്നു ചൈനയുടെ ഇക്കാര്യത്തിലുള്ള പ്രതികരണം.