Connect with us

Ongoing News

'മോല്യാരുപ്പാപ്പ'

Published

|

Last Updated

അബ്ദുൽ ബാരി മുസ്‌ലിയാരുടെ വീട്ടിലേക്കുള്ള കവാടം

വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ സമസ്തയുടെ സ്ഥാപക നേതാക്കളിൽ പ്രധാനിയും പാങ്ങിൽ അഹ്്മദ് കുട്ടി മുസ്‌ലിയാർക്ക് ശേഷം രണ്ട് പതിറ്റാണ്ടുകാലം സമസ്തയുടെ അധ്യക്ഷ പദവി അലങ്കരിച്ച മഹാനുമാണ്. നീറുന്ന പ്രശ്‌നങ്ങളുമായി വരുന്നവർക്ക് അത്താണിയും നാട്ടിലെയും സമീപ പ്രദേശങ്ങളിലേയും പ്രശ്‌നങ്ങൾക്ക് പരിഹാരവുമായിരുന്ന മഹാൻ നാട്ടുകാരുടെ “മോല്യാരുപ്പാപ്പ”യായിരുന്നു. എല്ലാത്തിന്റെയും അവസാന വാക്കായിരുന്നു അവിടുന്ന്. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് എന്നും ആശ്രയമായിരുന്നു മോല്യാരുപ്പാപ്പ. ദാരിദ്ര്യം വാണിരുന്ന അക്കാലത്ത് നിരവധിയാളുകൾക്ക് അവിടുത്തെ വീട്ടിൽ ഭക്ഷണം ഉണ്ടായിരുന്നു.

ആ സുവർണ കാലം

സമസ്തക്ക് സുവർണകാലമായിരുന്നു “മേല്യാരുപ്പാപ്പ”യുടെ രണ്ട് പതിറ്റാണ്ട്. മുശാവറയിൽ അദ്ദേഹത്തെ കവച്ചുവെക്കാൻ മാത്രം സമ്പന്നർ ആരുമില്ലായിരുന്നു. പാണ്ഡിത്യത്തിന് പുറമെ സമ്പന്നനുമായപ്പോൾ സമസ്തക്കത് വലിയ ഊർജമാണ് നൽകിയത്. തന്റെ സമ്പാദ്യം മുഴുവൻ സുന്നത്ത് ജമാഅത്തിന് വേണ്ടി ചെലവഴിച്ചു എന്നതാണ് ഏറ്റവും വലിയ പോരിശ. സമസ്തയുടെ സ്വന്തം പത്രമായ അൽബയാനിന് സ്വന്തം നാട്ടിൽ പ്രസ് സ്ഥാപിച്ചു നടത്തിപ്പു ചെലവ് സ്വയം ഏറ്റെടുത്താണ് മോല്യാരുപ്പാപ്പ ഊർജം പകർന്നത്. പ്രസംഗവൈഭവം വലുതായിരുന്നു. ഉസ്താദിന്റെ പ്രസംഗമുണ്ടന്നറിഞ്ഞാൽ ദൂരെ ദിക്കിൽ നിന്ന് വരെ ആളുകൾ തടിച്ചുകൂടുമായിരുന്നു. റോഡും വാഹനവും ഇല്ലാതിരുന്ന അക്കാലത്ത് പല്ലക്കിലായിരുന്നു പരിപാടിയിലേക്ക് വരാറ്. അത് ചുമക്കാൻ കൂലിക്ക് പ്രത്യേകം ആളുകളെ നിർത്തുമായിരുന്നു. തന്റെ വസതിയിൽ വെച്ച് നടക്കുന്ന സമസ്ത യോഗങ്ങൾക്ക് ദൂരെ ദിക്കിൽ നിന്ന് വരുന്ന പണ്ഡിതന്മാർക്ക് യാത്രാ ബത്തയും ഭക്ഷണവും താമസ സൗകര്യവും അദ്ദേഹം നൽകി. നൂറുൽ ഉലമ എം എ ഉസ്താദ് അക്കൂട്ടത്തിൽ ഒരാളായിരുന്നു. പരപ്പനങ്ങാടി ട്രെയിനിനിറങ്ങിയാണ് എം എ ഉസ്താദ് വാളക്കുളത്തേക്ക് നടന്നിരുന്നത്.

ജീവിതം

ഹിജ്‌റ 1298 ജുമാദുൽ ഉഖ്‌റ 21നാണ് അബ്ദുൽ ബാരി മുസ്‌ലിയാരുടെ ജനനം. പണ്ഡിതൻ, സൂഫീവര്യൻ, പണക്കാരൻ, എഴുത്തുകാരൻ എന്നീ മേഖലയിലെല്ലാം അബ്ദുൽ ബാരി മുസ്‌ലിയാർ തന്റെ വ്യക്തിപ്രഭാവം നിറഞ്ഞുനിന്നു. പിതാവ് ഖാജാ അഹ്്മദ് കുട്ടി മുസ്‌ലിയാർ എന്ന കോയാമുട്ടി മുസ്‌ലിയാർ വലിയ സൂഫീ വര്യനും രിഫാഇയ്യ, ഖാദിരിച്ച ത്വരീഖത്തിന്റെ ശൈഖുമായിരുന്നു. സമ്പന്ന തറവാടായിട്ടും ബാപ്പ മകനെ പണത്തിന്റെ പിന്നാലെ വിട്ടില്ല. തന്നെ പോലെ ഇൽമിന്റെ വഴിയിലേക്കാണ് മകനെയും വഴി നടത്തിയത്.

പിതാവിൽ നിന്ന് തന്നെയാണ് പ്രാഥമിക ജ്ഞാനം കരസ്ഥമാക്കിയത്. ശൈഖ് അഹ്്മദ് ശീറാസിയുടെ അടുത്ത് നാദാപുരം ദർസിലും കോടാഞ്ചേരി അഹ്്മദ് കുട്ടി മുസ്‌ലിയാരുടെ അടുത്ത് തിരൂരങ്ങാടി ദർസിലും പോയി അറിവ് സമ്പാദിച്ചു. ഉപരിപഠനത്തിനായി വെല്ലൂർ ബാഖിയാത്തിൽ പോകാൻ ബാപ്പയോട് ചോദിച്ചപ്പോൾ നിബന്ധന വെച്ചു. “പൊന്നാനി ചെറിയ അവറാൻ കുട്ടി മുസ്‌ലിയാരുടെ ദർസിൽ പോയി “ഇർശാദുൽ യാഫി” മുഴുവനും ഓതണം..” എന്നാൽ പോകാം..” ആവശ്യമായ സാമ്പത്തിക സഹായം ബാപ്പ തന്നെ നൽകി. അങ്ങനെയാണ് പൊന്നാനിയിലെത്തുന്നത്. മൂന്ന് മാസം കൊണ്ട് കിതാബ് ഓതിത്തീർത്തു. മൂർക്കനാട് അലി മുസ്‌ലിയാരും അവിടുത്തെ ഉസ്താദായിരുന്നു. പൊന്നാനി വിളക്കത്തിരുന്നതിന് ശേഷമാണ് 1898ൽ ബാഖിയാത്തിലേക്ക് പുറപ്പെടുന്നത്. അഞ്ച് വർഷത്തെ വിശാലമായ പഠനത്തിന് ശേഷമാണ് ബാഖവിയായി പുറത്തിറങ്ങുന്നത്. മലബാറിലെ രണ്ടാമത്തെ ബാഖവി എന്ന ഖ്യാതിയും മഹാൻ നേടി.
കോഴിക്കോട് അൽ മദ്‌റസത്തുൽ ജിഫ്രിയ്യ എന്ന സ്ഥാപനത്തിലാണ് ആദ്യമായി ദർസ് തുടങ്ങുന്നത്. പിന്നീട് അയ്യായ, വളവന്നൂർ, കാനാഞ്ചേരി എന്നീ സ്ഥലങ്ങളിൽ ദർസ് നടത്തിയതിന് ശേഷം ഒടുവിൽ ജന്മദേശമായ പുതുപ്പറമ്പിൽ നീണ്ട നാൽപത് വർഷം ദർസ് നടത്തി. ഫർളായ ഒരു ഹജ്ജ് മാത്രമാണ് ജീവിതത്തിൽ മഹാൻ ചെയ്തിട്ടൊള്ളൂ. രണ്ടാമതൊരു ഹജ്ജിനെ കുറിച്ച് ചോദിച്ചപ്പോൾ “ദർസ് മുടങ്ങും” എന്നാണ് പറഞ്ഞത്.

ബഹുഭാഷാ പാണ്ഡിത്യം

ഉസ്താദിന്റെ ബഹുഭാഷാ പാണ്ഡിത്യം എടുത്തു പറയേണ്ടത് തന്നെയാണ്. അറബി ഭാഷക്ക് പുറമെ ഫാരിസിയിലും ഇംഗ്ലീഷിലും ഉർദുവിലും നിപുണനായിരുന്നു അദ്ദേഹം. ആത്മീയമായും ഭൗതികമായും അറിവ് സമ്പാദിച്ചു എന്ന് മാത്രമല്ല അവ സമൂഹത്തിലെത്തിക്കാൻ പള്ളിയും മദ്‌റസയും നിർമിക്കുന്നതോടൊപ്പം സ്വന്തം ചിലവിൽ പുതുപ്പറമ്പിൽ സ്‌കൂൾ സ്ഥാപിച്ച് ഭൗതിക വിദ്യ അഭ്യസിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. കേരളത്തിൽ രചിക്കപ്പെട്ട പ്രഥമ ഹദീസ് വിശദീകരണഗ്രന്ഥമായ സ്വിഹാഹു ശൈഖനിയുടെ രചയിതാവാണ് അബ്ദുൽ ബാരി മുസ്‌ലിയാർ. മറ്റു പല കൃതികളും അദ്ദേഹത്തിന്റെ രചനാ പാടവത്തിലൂടെ വിരചിതമായിട്ടുണ്ട്. അൽബയാൻ പത്രത്തിൽ നൂറുൽ ഉലമ എം എ ഉസ്താദ് മദ്‌റസാ പ്രസ്ഥാനത്തിന്റെ ആവശ്യകതയെ കുറിച്ച് ലേഖനമെഴുതിയപ്പോൾ അത് കണ്ട അബ്ദുൽ ബാരി മുസ്‌ലിയാർ ചെറുപ്പക്കാരനായ എം എ ഉസ്താദിനെ വിളിച്ചുവരുത്തി മദ്‌റസയെ കുറിച്ച് ചർച്ച നടത്തുകയും പിന്നീട് തന്റെ വസതിയിൽ വെച്ച് ആലോചന യോഗം കൂടി തീരുമാനിക്കുകയുമായിരുന്നു. താനൂരിൽ ചേർന്ന സമസ്ത സമ്മേളനത്തിൽ പദ്ധതി പ്രഖ്യാപിച്ചു. അങ്ങനെ വിദ്യാഭ്യാസ ബോർഡിന്റെ ഫണ്ടിനുവേണ്ടി ആദ്യമായി വലിയ സംഖ്യ അബ്ദുൽ ബാരി മുസ്‌ലിയാരാണ് നൽകിയത്. പിന്നീട് കൊയിലാണ്ടിയിൽ ഓരാഴ്ച വഅള് പറഞ്ഞ് ഉസ്താദ് വിദ്യാഭ്യാസ ബോർഡിന് പണം കണ്ടെത്തി.

വിടവാങ്ങൽ

87 വർഷം ദീനിനു വേണ്ടി ജീവിതം ത്യജിച്ച മഹാൻ ഹിജ്‌റ 1385 ജമാദുൽ ഊല രണ്ടിന് ഈ ലോകത്തോട് യാത്ര പറഞ്ഞു. പുതുപ്പറമ്പിൽ അദ്ദേഹം തന്നെ സ്ഥാപിച്ച ഖുതുബ്ഖാനക്കും മസ്ജിദുൽ ബാരിക്കും സമീപത്തായി മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.

Latest