Connect with us

Editorial

പോലീസ് പെരുമാറ്റച്ചട്ടത്തെക്കുറിച്ച് തന്നെ

Published

|

Last Updated

പരാതിക്കാരോ സാക്ഷികളോ സ്ത്രീകളെങ്കില്‍ അവരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തരുതെന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് എല്ലാ പോലീസ് സ്‌റ്റേഷന്‍ മേധാവികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ക്രിമിനല്‍ നടപടിച്ചട്ടങ്ങളനുസരിച്ച് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്ത്രീകളടക്കം ഓരോ വ്യക്തിയും ബാധ്യസ്ഥരാണെങ്കിലും സ്ത്രീകളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധപുലര്‍ത്തണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തുന്നത് വനിതാ പോലീസ് ഉദ്യോഗസ്ഥയായിരിക്കണം. അവര്‍ക്ക് നിയമസഹായവും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകന്റെയോ വനിതാ സംഘടനയുടെയോ സഹായ വും ലഭ്യമാക്കണം. മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള സ്ത്രീകളാണെങ്കില്‍ സഹായിയുടെയോ ഡോക്ടറുടെയോ സാന്നിധ്യത്തിലാകണം മൊഴിയെടുക്കേണ്ടത്. ഈ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഡി ജി പി മുന്നറിയിപ്പ് നല്‍കുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീകളോട് കാണിക്കേണ്ട നിയമപരമായ ബാധ്യതയെക്കുറിച്ച ആദ്യത്തെ ഉത്തരവല്ല ബഹ്‌റയുടെത്. മുമ്പും പോലീസ് മേധാവികള്‍ സമാനമായ ഉത്തരവുകള്‍ ഇറക്കുകയും മന്ത്രിമാര്‍ ഇക്കാര്യത്തെക്കുറിച്ചു ഉദ്യോഗസ്ഥരെ അടിക്കടി ഓര്‍മപ്പെടുത്തുകയും ചെയ്യാറുണ്ട്. കഴിഞ്ഞ സെപ്തംബര്‍ ആദ്യത്തില്‍ സംസ്ഥാന വനിതാവികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച “ബോധ്യം” ചതുര്‍ദിന പരിശീലന പരിപാടിയില്‍ സംസാരിക്കവെ മന്ത്രി കെ കെ ശൈലജ പോലീസ് സ്‌റ്റേഷനുകളില്‍ സ്ത്രീകള്‍ക്ക് മാന്യമായ പെരുമാറ്റം ലഭ്യമാക്കേണ്ടതിന്റെ അനിവാര്യത ഓര്‍മിപ്പിച്ചതാണ്. കെ എസ് ബാലസുബ്രഹ്മണ്യന്‍ പോലീസ് മേധാവിയായിരിക്കെ 2014ല്‍ ഇറക്കിയ സര്‍ക്കുലറും ഇക്കാര്യങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. എന്നിട്ടും നിയമങ്ങള്‍ ലംഘിക്കപ്പെടുകയും സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബെഹ്‌റക്ക് വീണ്ടും ഉത്തരവിറക്കേണ്ടി വരുന്നത്. ഇക്കാര്യം അദ്ദേഹം ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്.

പോലീസ് കള്ളക്കേസെടുത്തുവെന്ന് വനിതാ കമ്മീഷന് പരാതി നല്‍കിയതിന്റെ പേരില്‍ മൂന്നാര്‍ ആറ്റുകാട് സ്വദേശിനിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി വിവസ്ത്രയാക്കിയ സംഭവം, എറണാകുളം മറൈന്‍ ഡ്രൈവില്‍ തട്ടുകട കച്ചവടം നടത്തുന്ന സ്ത്രീയോട് പിങ്ക് പോലീസ് അപമര്യാദയായി പെരുമാറിയത് തുടങ്ങി സ്ത്രീകളോടുള്ള പോലീസിന്റെ അപമര്യാദയെക്കുറിച്ച് നിരന്തരം പരാതികള്‍ ഉയര്‍ന്നു വരാറുണ്ട്. ഇതുസംബന്ധിച്ചു വനിതാ കമ്മീഷനില്‍ ധാരാളം പരാതികള്‍ എത്തുന്നതായി അടുത്തിടെ കോഴിക്കോട്ട് നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പോലീസിലെ തന്നെ വനിതാ ജീവനക്കാര്‍ക്കു പോലും പലപ്പോഴും സ്റ്റേഷനില്‍ മാന്യമായി ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ, അവിടുത്തെ ഒരു ജീവനക്കാരന്‍ ശല്യപ്പെടുത്തുന്നതായും സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതായും ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് സമീപ കാലത്താണ്.

1961ലെ പോലീസ് ആക്ടും 1968ലെ പോലീസ് മാന്വലും പോലീസിന് കൃത്യമായ പെരുമാറ്റച്ചട്ടം നിര്‍ദേശിച്ചിട്ടുണ്ട്. 2005ലെ മാതൃകാ പെരുമാറ്റച്ചട്ടവും പോലീസിന്റെ പെരുമാറ്റ ദൂഷ്യം കര്‍ശനമായി വിലക്കുന്നുണ്ട്. ഓരോ സാഹചര്യത്തിലും പുലര്‍ത്തേണ്ട ഔചിത്യവും മര്യാദയും സഹാനുഭൂതിയും ഇതിലെല്ലാം ഉണര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡ് 509 പ്രകാരം ഒരു വര്‍ഷം തടവോ പിഴയോ രണ്ടും ഒന്നിച്ചോ ലഭിക്കാകുന്ന കുറ്റകൃത്യമാണ് ഒരു സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധത്തില്‍ ഏതെങ്കിലും വാക്ക് ഉച്ചരിക്കുന്നതും ആംഗ്യം കാണിക്കുന്നതും എന്തെങ്കിലും പ്രചരിപ്പിക്കുന്നതും. അന്വേഷണോദ്യോഗസ്ഥന് സ്ത്രീകളെ ചോദ്യം ചെയ്യണമെങ്കില്‍ അവര്‍ താമസിക്കുന്നതോ നിര്‍ദേശിക്കുന്നതോ ആയ സ്ഥലത്ത് വെച്ച് ഒരു വനിതാ ഓഫീസറുടെയോ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സാന്നിധ്യത്തിലായിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. യഥാവിധി ഇത് പാലിക്കുന്ന ഉദ്യോഗസ്ഥര്‍ വിരളമാണ്.

ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം എന്നും തലവേദനയാണ് പോലീസ് വകുപ്പ്. ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന പെരുമാറ്റ ദൂഷ്യങ്ങളും നിയമലംഘനങ്ങളും അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു ഈ വകുപ്പില്‍. അതേസമയം, പോലീസ് വകുപ്പിലെ ഭൂരിഭാഗവും നല്ലവരാണെന്ന കാര്യം വിസ്മരിക്കാവതല്ല. ജനസേവകരാണ് തങ്ങളെന്ന ബോധത്തോടെ ജോലിചെയ്യുന്നവരും സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരും ധാരാളമുണ്ട്. പാതിരാത്രിയില്‍ വാഹനം കേടായി പെരുവഴിയിലായ കുടുംബത്തെയും പൊതുപണിമുടക്ക് ദിനത്തില്‍ വഴിയില്‍ കുടുങ്ങിയ സ്ത്രീയെയും ലക്ഷ്യസ്ഥാനത്തെത്തിച്ച പോലീസുകാരെയും നാം മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. റോഡില്‍ തിരക്കുള്ള സമയത്ത് വഴി മുറിച്ചു കടക്കാന്‍ വിദ്യാര്‍ഥികളെയും വൃദ്ധരെയും സഹായിക്കുന്ന പോലീസുകാരെയും കാണാറുണ്ട്. ഇവര്‍ക്കു പോലും ദുഷ്‌പേര് വരുത്തിവെക്കുന്നു പോലീസിലെ സ്വഭാവദൂഷ്യക്കാരും ക്രിമിനലുകളും. പെരുമാറ്റച്ചട്ടത്തെക്കുറിച്ച് അടിക്കടി ഓര്‍മിപ്പിച്ചത് കൊണ്ടു മാത്രം അവരുടെ സമീപനത്തില്‍ മാറ്റം വരില്ല.
നിയമനത്തിനു സ്വഭാവഗുണം കര്‍ശന മാനദണ്ഡമാക്കുകയും പരിശീലന വേളയില്‍ ധാര്‍മികബോധം വളര്‍ത്താന്‍ ആവശ്യമായ ക്ലാസുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. സ്വഭാവദൂഷ്യം പ്രകടമായവരെ ഒരു വിധത്തിലും വകുപ്പില്‍ വെച്ചു പൊറുപ്പിക്കരുത്. സമഗ്രമായ പരിഷ്‌കരണവും അഴിച്ചുപണിയും ആവശ്യമാണ് സേനയില്‍.

Latest