വ്യാപാരികള്‍ കടകളടച്ചു; നരിക്കുനിയില്‍ ബിജെപി റാലി കടന്നുപോയത് ആളൊഴിഞ്ഞ നഗരത്തിലൂടെ

Posted on: January 13, 2020 7:18 pm | Last updated: January 13, 2020 at 7:18 pm

നരിക്കുനി | പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബുല്ലക്കുട്ടിയുടെ നേതൃത്വത്തില്‍ ബിജെപി നരിക്കുനിയില്‍ നടത്തിയ സ്വാഭിമാന്‍ റാലിക്കെതിരെ വേറിട്ട പ്രതിഷേധം. റാലി നഗരത്തില്‍ എത്തുന്നതിന് മുമ്പ് വ്യാപാരികളെല്ലാം കടകള്‍ അടച്ചു. ഓട്ടോ, ടാക്‌സികളും നഗരം വിട്ടു. തികച്ചും ഹര്‍ത്താലിന്റെ പ്രതീതിയുള്ള നരിക്കുനി നഗരത്തിലൂടെയാണ് റാലി കടന്നുപോയത്. ബിജെപി പ്രവര്‍ത്തകരുടെ ഒറ്റപ്പെട്ട കടകള്‍ മാത്രമാണ് ഈ സമയം തുറന്നുപ്രവര്‍ത്തിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

പൗരത്വ നിയമത്തിന് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ ബിജെപി നടത്തുന്ന പ്രചാരണത്തിന് നേരെ പലയിടങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ വീടുകളില്‍ ലഘുലേഖ നല്‍കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരെ ഇറക്കിവിട്ടാണ് ജനം പ്രതിഷേധമറിയിച്ചത്.