Connect with us

Kerala

കൊമ്പന്‍മാരുടെ മടങ്ങിവരവില്‍ എ ടി കെയും വീണു

Published

|

Last Updated

കൊല്‍ക്കത്ത |  ഹൈദരാബാദിനെതിരായ വമ്പന്‍ ജയത്തിന്റെ ആവേശത്തില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉയര്‍ത്തെഴുനേല്‍പ്പ്. കൊല്‍ക്കത്തയില്‍ നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ കരുത്തരായ എ ടി കെയേയും വീഴ്ത്തി. ഐ എസ് എല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള എ ടി കെയെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം മുട്ടകുത്തിച്ചത്. കളിയുടെ 70-ാം മിനുട്ടില്‍ ഹാലിചരണ്‍ നര്‍സാരിയാണ് കേരളത്തിനായി വല ചലിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ ആറാം സ്ഥാനത്തെത്തി. 12 കളിയില്‍ നിന്ന് 14 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.  ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതക്കാണ് വീണ്ടും ജീവന്‍വെച്ചത്. 12 കളികളില്‍നിന്ന് 21 പോയിന്റുള്ള എ ടി കെ ലീഗില്‍ ഏറെ മുന്നിലാണ്.

കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളും പരുക്കന്‍ അടവുകളുായി ആവേശം വാനോളം ഉയര്‍ന്ന പോരാട്ടത്തിനൊടുവിലാണ് കേരളം കൊല്‍ക്കത്തയില്‍ വിജയക്കൊടി പാറിച്ചത്. ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത് ഇരു ടീമും കളത്തില്‍ നിറഞ്ഞെങ്കിലും ആദ്യ പകുതിയില്‍ ആര്‍ക്കും ലക്ഷ്യം കണ്ടില്ല. എന്നാല്‍ കേരളമായിരുന്നു മത്സരത്തിലുടനീളം മികച്ച് നിന്നത്. ഇതിനുള്ള ഫലം രണ്ടാം പകുതിയില്‍ ലഭിക്കുകയും ചെയ്തു. 70-ാം മിനുട്ടില്‍ എ ടി കെ ബോക്‌സിനുള്ളിലേക്ക് ഉയര്‍ന്നുവന്ന പന്ത് നര്‍സാരിക്ക് ഹെഡ് ചെയ്ത് നല്‍കാനുള്ള മെസിയുടെ ശ്രമം വിജയിച്ചില്ല. പന്തു ലഭിച്ച എ ടി കെ താരം മോംഗിലിനും പന്തു നിയന്ത്രിക്കാനായില്ല. ഇതോടെ പന്തു ലഭിച്ച നര്‍സാരി ഏതാനും ചുവടു മുന്നിലേക്ക് നീങ്ങി തൊടുത്ത ഹാഫ് വോളി വലയില്‍ തുളച്ച് കയറുകയായിരുന്നു.

കളിയുടെ അവസാന മിനുട്ടില്‍ ഗോള്‍ മടക്കാനുള്ള എ ടി കെ ശ്രമം പലപ്പോഴും സംഘര്‍ഷത്തില്‍ കലാശിച്ചു. റഫറിക്ക് നിരന്തരം ഇടപെടേണ്ടി വന്നു. സൈഡ് ലൈനില്‍ തുടര്‍ച്ചയായി ബഹളമുണ്ടാക്കിയ എ ടി കെ പരിശീലകന്‍ അന്റോണിയോ ഹെബ്ബാസിനെ റഫറി മൈതാനത്തുനിന്നും പുറത്താക്കി.

തുടര്‍ച്ചയായ സമനികള്‍ക്കൊടുവിലാണ് കേരളം ഹൈദരാബാദിനേയും കൊല്‍ക്കത്തയേയും വീഴ്ത്തി ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. സീസണിലെ ഉദ്ഘാടന മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് എ ടി കെയെ തോല്‍പ്പിച്ചിരുന്നു

 

Latest