Connect with us

Kerala

ആര്‍എസ്എസ് പറയുന്നത് നടപ്പാക്കുവാനുള്ളതല്ല കേരള സര്‍ക്കാര്‍: മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട് | ആര്‍എസ്എസ് പറയുന്നത് നടപ്പാക്കുവാനുള്ളതല്ല കേരള സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം എല്ലാവിഭാഗം ജനങ്ങളുടെയും സുരക്ഷിത കോട്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് ഭരണഘടന സംരക്ഷണ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഗള്‍രാജവംശത്തെ വിമര്‍ശിക്കുന്ന ആര്‍എസ്എസുകാര്‍ ബ്രിട്ടീഷുകാരെ വിമര്‍ശിച്ചതായി കേട്ടിട്ടില്ല. മോഡി സര്‍ക്കാര്‍ ആര്‍എസ്എസ് നയം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഭരണഘടനാമൂല്യങ്ങളോട് താല്‍പര്യം കാണിക്കുന്നില്ല. ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമം പാര്‍ലമെന്റിനുള്ളില്‍ തന്നെ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെയാണ് കാണുന്നത്. മുസ്ലീം വിഭാഗത്തെ പ്രത്യേക ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ കാണുന്നത്. ഉമര്‍ഖാസിയേയും വാരിയംകുന്നത്തിനെയും പൂക്കോയ തങ്ങളെയും കുഞ്ഞാലിമരക്കാരെയും ഒഴിവാക്കി സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെ കാണാനാകില്ല. അവരുടെ പിന്‍മുറക്കാര്‍ രാജ്യത്ത് നിന്ന് ആട്ടിയോടിക്കപ്പെടണമെന്ന് പറഞ്ഞാല്‍ അല്ല എന്ന് പറയാന്‍ ഈ നാട് മുഴുവനും ഒന്നിച്ച് നില്‍ക്കും.

സ്വാതന്ത്ര്യ സമരത്തില്‍ സംഭാവന ചെയ്യാത്ത ആര്‍ എസ് എസിന് നേരത്തെ മുതല്‍ ഭരണഘടനയോടും മതനിരപേക്ഷതയോടും പുച്ഛമാണ്. മതാതിഷ്ഠിത രാഷ്ട്രമാണ് അവരുടെ ലക്ഷ്യം. അതിനുള്ള നടപടികള്‍ തുടക്കം മുതല്‍ ആര്‍ എസ് എസ് സ്വീകരിക്കുന്നു. ഇപ്പോള്‍ സ്വീകരിച്ച നടപടി യാദൃശ്ചികമായത് അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനസംഖ്യാ രജിസ്റ്റര്‍ വലിയ ചതിക്കുഴിയാണ്. പൗരത്വ രജിസ്റ്ററിന് മുന്നോടിയായാണ് ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നത്. അത്തരമൊരു ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഒരു സെന്റീമീറ്റര്‍ പോലും മുന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest