Connect with us

Sports

സെഞ്ച്വറിയിൽ 'ഫിഫ്റ്റി'യടിച്ച് പുജാര

Published

|

Last Updated

രാജ്‌കോട്ട് | ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ പൂർത്തിയാക്കിയ താരമെന്ന നേട്ടമാണ് സൗരാഷ്ട്ര ബാറ്റ്സ്്മാനായ പുജാര സ്വന്തമാക്കിയത്.  കർണാടക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് നേട്ടം.

198 മത്സരങ്ങളിൽ നിന്നാണ് പുജാര സെഞ്ച്വറിയിൽ “ഫിഫ്റ്റി”യടിച്ചത്. 158 പന്തിൽ നിന്നായിരുന്നു സെഞ്ച്വറി നേട്ടം. ഇന്നലെ കളിയവസാനിപ്പിക്കുമ്പോൾ 162 റൺസുമായി പുജാര പുറത്താകാതെ നിൽക്കുകയാണ്. ഇതോടെ, സുനിൽ ഗവാസ്‌കർ, സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഇതിഹാസ താരങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ പുജാര ഇടംപിടിച്ചു. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളുടെ പട്ടികയിൽ പുജാര നാലാം സ്ഥാനത്താണ്. ഇംഗ്ലീഷ് താരം അലിസ്റ്റർ കുക്ക്, മുൻ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല (52), മുംബൈ ബാറ്റ്‌സ്മാനും ഇപ്പോൾ വിദർഭക്ക് വേണ്ടി കളിക്കുന്ന താരവുമായ വസീം ജാഫർ (57) എന്നിവരാണ് പുജാരക്ക് മുമ്പിലുള്ളത്.

31കാരനായ പുജാര ഈ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. ആസ്‌ത്രേലിയയുടെ സ്റ്റീവ് സ്മിത്ത് 42 സെഞ്ച്വറികളുമായി പുജാരക്ക് പിന്നിലുണ്ട്. ഇന്ത്യൻ നായകൻ വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവർക്ക് യഥാക്രമം 34, 32 സെഞ്ച്വറികളുണ്ട്.