പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ അക്രമകാരികളല്ല: കാന്തപുരം

Posted on: January 12, 2020 8:51 am | Last updated: January 12, 2020 at 8:53 am
എസ് വൈ എസ് കോഴിക്കോട് ജില്ലാ യുവജന റാലിയുടെ സമാപന സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രസംഗിക്കുന്നു

കോഴിക്കോട് | ഭരണഘടനക്ക് വിരുദ്ധമായ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ അക്രമകാരികളല്ലെന്നും ക്രമമായി തന്നെ ആവശ്യങ്ങൾ സർക്കാറിന് മുമ്പിൽ വെക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തിൽ താമരശ്ശേരിയിൽ നടന്ന ജില്ലാ യുവജന റാലിയുടെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലും മറ്റും സമരത്തിനിറങ്ങിയ വിദ്യാർഥികളെ അക്രമികളെന്നു പറഞ്ഞ് അടിച്ചമർത്തുകയാണ്. അവരെ അക്രമിക്കാൻ വന്ന ആളുകളുടെ പേരിൽ കേസെടുത്തിട്ടില്ല. അക്രമികളെ അക്രമികളായും പ്രതിഷേധക്കാരെ പ്രതിഷേധക്കാരായും കാണണം.

ALSO READ  വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ള ആക്രമണം അസഹിഷ്ണുതയുടെ തീവ്രരൂപം: കാന്തപുരം

ഇവിടെ മുസ് ലിംകളെയും അല്ലാത്തവരെയും തമ്മിൽ ഏറ്റുമുട്ടലുണ്ടാക്കി വർഗീയ നിലപാട് സൃഷ്ടിക്കുന്നതിനു വേണ്ടി ചിലർ ശ്രമിക്കുകയാണ്. ഭരണഘടനയനുസരിച്ച് ജാതിയോ മതമോ വ്യത്യാസമില്ലാത്തതാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണഘടനയാണ്.
അതിൽ ജാതി തിരിച്ചുകൊണ്ടുള്ള ഒരു ബിൽ കൊണ്ടുവന്നപ്പോഴാണ് പ്രതിഷേധം ഉടലെടുത്തത്. ആ ബിൽ ഇപ്പോൾ മുസ്‌ലിംകൾക്ക് മാത്രം എതിരാണെങ്കിൽ പോലും അതിന്റെ ഭവിഷ്യത്ത് രാജ്യത്തിന്റെ ഭരണഘടന മാറ്റിമറിക്കലാണ് എന്ന് മനസ്സിലാക്കിയത്‌ കൊണ്ടാണ് ബഹുഭൂരിപക്ഷം ജനങ്ങളും ആ നിയമത്തിനെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുന്നത്.

എസ് വൈ എസ് വയനാട് ജില്ലാ യുവജന റാലിയുടെ ഭാഗമായുള്ള പൊതുസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

സർക്കാർ ഉണ്ടാക്കിയ ഒരു നിയമത്തിൽ ജനങ്ങൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് പറയാനുള്ള അവകാശം ഭരണഘടനയിലുണ്ട്.

ജുഡീഷ്യറിയുടെ മുമ്പിൽ കാര്യങ്ങൾ വെച്ചുകൊടുക്കാനുള്ള അവകാശങ്ങളും ഭരണഘടന അനുവദിക്കുന്നത് തന്നെയാണ്. ആ നിലക്ക് ഇവിടെ സംസാരിക്കുന്നവരെ സർക്കാറിന്റെയും രാജ്യത്തിന്റെയും ശത്രുക്കളായും ദ്രോഹികളായും ചിത്രീകരിക്കുന്നത് ശരിയല്ല.

നിയമത്തിൽ ആവശ്യമായ മാറ്റി തിരുത്തൽ വരുത്താൻ കഴിയുമോ എന്ന് സർക്കാർ പരിശോധിക്കണം. അങ്ങിനെ വരുമ്പോൾ ഇവിടെ സംഘട്ടനം ഉണ്ടാവില്ലെന്നും കാന്തപുരം പറഞ്ഞു.