Connect with us

Eranakulam

പൗരത്വ ഭേദഗതി നിയമം: സംയുക്ത സമരത്തിന് പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷവും കോണ്‍ഗ്രസുമടക്കമുള്ള കക്ഷികളും ഒന്നിച്ചു നിന്നാല്‍ നിയമം റദ്ദ് ചെയ്യിക്കാന്‍ കഴിയുമെന്നും ഇത് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മഹാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഈ നിയമത്തിനെതിരായ കേരളത്തിന്റെ സമരത്തെ ഇന്ത്യയൊട്ടാകെ പ്രശംസിച്ചതാണ്. നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി കേരളം രാജ്യത്തിന് മാതൃകയായിക്കഴിഞ്ഞു. സമരങ്ങള്‍ ഒറ്റക്ക് നടത്തുന്നതിനെക്കാള്‍ എത്രയോ ശക്തിയാണ് ഒരുമിച്ച് നടത്തിയാലുണ്ടാവുക. കക്ഷി രാഷ്ട്രീയത്തിന്റെ പ്രശ്‌നമല്ലിത്. എന്നാല്‍ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കാര്യത്തില്‍ ചിലര്‍ക്ക് വിയോജിപ്പാണ്. ഇതെന്ത് കൊണ്ടാണെന്നറിയില്ല. രാഷ്ട്രീയപരമായ മറ്റ് കാര്യങ്ങളില്‍ വിമര്‍ശനങ്ങളും വിയോജിപ്പുകളും അങ്ങനെ തന്നെ തുടരണം. ഇത്തരമൊരു വിഷയത്തില്‍ യോജിച്ച പ്രക്ഷോഭത്തിനിറങ്ങാന്‍ കഴിയണം. ഒറ്റതിരിഞ്ഞുള്ള സമരങ്ങള്‍ ഗുണം ചെയ്യില്ല. ഇതുപോലൊരു സാഹചര്യത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ കഴിയാത്തവരോട് ഒന്നും പറയാനില്ല. ബലം പ്രയോഗിച്ച് ഒന്നിപ്പിക്കാനാകില്ല. ഈ അവസരം ദുരുപയോഗപ്പെടുത്തിയേക്കാവുന്ന തീവ്രവാദികളെയും വര്‍ഗീയവാദികളെയും മാത്രമേ അടുപ്പിക്കാതിരിക്കേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഭജന സിദ്ധാന്തമാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കുന്നത്. കശ്മീര്‍ നയത്തെ സുപ്രീം കോടതി പോലും വിമര്‍ശിച്ചിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ആര്‍ എസ് എസ് നിയന്ത്രിത സര്‍ക്കാര്‍ ഹിറ്റ്‌ലറുടെ ആശയങ്ങള്‍ തന്നെയാണ് നടപ്പിലാക്കുന്നത്. ഹിറ്റ്‌ലറുടെ ആഭ്യന്തര ശത്രുക്കള്‍ ജൂതന്മാരും ബോള്‍ഷെവിക്കുകളുമായിരുന്നെങ്കില്‍ ബി ജെ പിക്ക് മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപം കൊണ്ട മതങ്ങള്‍ അവയുടെ ഉത്ഭവ കാലത്ത് തന്നെ ഇന്ത്യയിലെത്തുകയും അവയെ ഈ നാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ആ ദര്‍ശനവും സംസ്‌കാരവുമല്ല ആര്‍ എസ് എസിന്റെത്. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍ എസ് എസിനോ അതിന്റെ നേതാക്കള്‍ക്കോ യാതൊരു പങ്കുമില്ല. ബ്രിട്ടീഷ് ഭരണം തുടരണമെന്നാഗ്രഹിച്ച അവര്‍ മാപ്പെഴുതി കൊടുത്ത പാരമ്പര്യമുള്ളവരാണ്. സ്വാതന്ത്ര്യ സമരത്തില്‍ അന്ന് ആവേശത്തോടെ പങ്കെടുത്തത് മതന്യൂനപക്ഷങ്ങളാണ്. ആന്‍ഡമാനിലെ കല്‍ത്തുറുങ്കില്‍ ത്യാഗമനുഭവിച്ചവരില്‍ കേരളത്തിലെ മാപ്പിളമാരും നിരവധിയുണ്ടായിരുന്നു.

സംഗമത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്. പ്രൊഫ. എം കെ സാനു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, സമസ്ത ഇ കെ വിഭാഗം കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം സ്വരാജ് എം എല്‍ എ, എം എം ലോറന്‍സ്, ടി പി പീതാംബരന്‍ മാസ്റ്റര്‍, ഫ്രാന്‍സിസ് ജോര്‍ജ്, പി രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

രാഷ്ട്രം ഭരിക്കുന്നത് എന്തും ചെയ്യാന്‍ മടിക്കാത്തവര്‍
എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇപ്പോള്‍ രാഷ്ട്രം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവുമാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. മതം പൗരത്വത്തിന് അടിസ്ഥാനമായി വന്നാല്‍ അതിനര്‍ഥം ആ രാഷ്ട്രം മതരാഷ്ട്രമാകുമെന്നാണ്. പൗരത്വ നിയമ ഭേദഗതി വന്നതോടെ ഇന്ത്യയെ തള്ളിപ്പറയാത്ത രാഷ്ട്രം ഏതാണെന്ന് നോക്കിയാല്‍ മതി. ലോക ഭൂപടത്തില്‍ ഇന്ത്യ വല്ലാതെ ഒറ്റപ്പെട്ടുപോയി. തൊട്ടടുത്ത രാജ്യങ്ങള്‍ പോലും ഇന്ത്യയെ അകറ്റി.

ഇത് മുസ്‌ലിമിന്റെ പ്രശ്‌നമല്ല. രാജ്യത്തിന്റെ പൊതുവായ പ്രശ്‌നമാണ്. രാജ്യം എങ്ങനെ തുടരണമെന്നതിന്റെ പ്രശ്‌നമാണ്. പ്രതീക്ഷിക്കുന്നതിനപ്പുറത്തുള്ള പ്രത്യഘാതങ്ങള്‍ ഈ നിയമം സൃഷ്ടിക്കും. ഇതുകൊണ്ടാണ് ഇന്ത്യയൊന്നാകെ ഉണര്‍ന്ന് പ്രതിഷേധിക്കുന്നത്. ഈ സമരത്തെ തല്ലിയൊതുക്കാന്‍ കഴിയില്ലെന്നും മുമ്പും ഇത്തരം സമരങ്ങളെ തല്ലിയൊതുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതാണ് ഇന്ത്യയുടെ ചരിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.