Connect with us

National

നാഗ്പൂര്‍ ജില്ലാ പരിഷത്‌ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടി

Published

|

Last Updated

നാഗ്പൂര്‍ | മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലാ പരിഷത്‌
തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടി. ആര്‍ എസ് എസ് ആസ്ഥാനമായ മേഖലയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. 58 സീറ്റില്‍ 30 എണ്ണം നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 13 സീറ്റുകളില്‍ എന്‍ സി പി ജയിച്ചപ്പോള്‍ 15 സീറ്റുകള്‍ മാത്രമാണ് ബി ജെ പിക്ക് അനുകൂലമായത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ ജന്മസ്ഥലവും കഴിഞ്ഞ മൂന്നു തവണയും ബി ജെ പി വിജയിച്ചിരുന്നതുമായ ധാപെവാഡയുള്‍പ്പടെ ഇപ്രാവശ്യം ബി ജെ പിയെ കൈവിട്ടു.

നാഗ്പൂരിന് പുറമെ പാല്‍ഘട്ട്, നന്ദുര്‍ബാര്‍, ധൂലെ, അകോല എന്നിവിടങ്ങളിലെ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും കഴിഞ്ഞ ദിവസമാണ് വോട്ടെടുപ്പ് നടന്നത്. പാല്‍ഘട്ടില്‍ 18 സീറ്റുകള്‍ ലഭിച്ച ശിവസേനയാണ് വലിയ ഒറ്റകക്ഷി. എന്‍ സി പിയും ബി ജെ പിയും പത്ത് സീറ്റുകള്‍ വീതം നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങി. അതേസമയം, നന്ദുര്‍ബാറില്‍ 24 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായി. ശിവസേന നാലും എന്‍ സി പി മൂന്നും സീറ്റുകള്‍ നേടിയപ്പോള്‍ ബി ജെ പിക്ക് ആറെണ്ണം മാത്രമാണ് നേടാനായത്. അകോലയില്‍ ബി ജെ പിയും ശിവസേനയും നാല് സീറ്റുകള്‍ വീതം സ്വന്തമാക്കി. ധൂലെയില്‍ ബി ജെ പി ഭരണത്തിലെത്തി.