Connect with us

Book Review

മരണം ഒന്നിന്റെയും ഒടുക്കമല്ല; പലതിന്റെയും തുടക്കമാണ്

Published

|

Last Updated

മരണത്തിനപ്പുറം ജീവിതമുണ്ടോ? | ഡോ. മുരളീകൃഷ്ണ

മരണം; പലപ്പോഴും തീർപ്പിലെത്താനാകാത്ത സന്ദേഹങ്ങളുടെ കൂട്ടക്ഷരമാണ്. ദുരൂഹതകൾ മാത്രം ബാക്കിയാവുന്ന എത്രയെത്ര മരണങ്ങളാണ് കഴിഞ്ഞു പോകുന്നത്. മറുത്തൊന്നും പറയാനാകാത്ത നിസ്സഹായതയിൽ നമ്മൾ മൗനമായി അത് അംഗീകരിക്കുന്നു. മരണത്തെച്ചൊല്ലിയുള്ള അന്വേഷണങ്ങളത്രയും വഴിമുട്ടുന്നു. തികച്ചും ദൈവികമായ നിശ്ചയമാണെന്ന ആശ്വാസ്യകരമായ തീർപ്പിലേക്ക് കാര്യങ്ങളവസാനിക്കുന്നു. സന്ദേഹഭരിതമായ ഒരു സത്യമാണെന്ന നിലയിൽ മരണ സംബന്ധിയായ അന്വേഷണങ്ങൾ പുരോഗമിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് ഡി സി ബുക്ക്‌സ് പുറത്തിറക്കിയ ഡോ. മുരളീകൃഷ്ണയുടെ “മരണത്തിനപ്പുറം ജീവിതമുണ്ടോ?” എന്ന പുസ്തകം ശ്രദ്ധേയമാകുന്നത്. മലയാളിയുടെ രചനാമണ്ഡലം പലപ്പോഴും ശാസ്ത്ര സത്യങ്ങളെ ഉപജീവിച്ചാണ് നടക്കാറ്.

വായനക്ഷമതക്ക് അത് കൂടുതൽ ഉപകരിക്കുമെന്ന മിഥ്യാ ധാരണയാണത്തിന്റെ കാതൽ. പക്ഷേ അത്തരം നടപ്പു ശീലങ്ങളെ പൊളിച്ചെഴുതുകയാണ് ഡോ. മുരളീകൃഷ്ണൻ. മരണം ഒന്നിന്റെയും അവസാനമല്ലെന്നും പ്രപഞ്ചം മുഴുവൻ നിറഞ്ഞു ത്രസിക്കുന്ന അനാദിയായ ചൈതന്യം മനുഷ്യ ചിന്ത ചെന്നെത്താവുന്നിടമെല്ലാം ഒന്നൊഴിയാതെ പ്രകാശപൂരിതമാക്കുന്നുവെന്ന കണ്ടെത്തലിനെ ബലപ്പെടുത്തുകയാണീ പുസ്തകം. 30 അധ്യായങ്ങളിലായി ക്രമീകരിച്ച പുസ്തകത്തിന്റെ സവിശേഷത യുക്തിസഹമായി മാത്രം കാര്യങ്ങൾ വിലയിരുത്തുമ്പോൾ വന്നുപെടുന്ന അപകടകരമായ അബദ്ധങ്ങളെ നേർക്കുനേർ വിചാരണ ചെയ്യുകയാണ് ഗ്രന്ഥകർത്താവ്. ശാസ്ത്രീയ യുക്തിയെ മറികടക്കുന്ന അതീന്ദ്രിയമായ ഒരു ബോധ തലം കൂടെ മരണമെന്ന സത്യത്തിനുണ്ടെന്ന തീർപ്പിലേക്കാണ് രചന ചെന്നെത്തുന്നത്. ദേഹം, ദേഹി വേർപാട് എന്നതിലുപരി കുറച്ചുകൂടെ നിരീക്ഷണ ബോധത്തോടെയുംഅവധാനതയോടെയും നമ്മൾ മരണമെന്ന സംജ്ഞയെ സമീപിക്കണമെന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. “കാഴ്ചയിൽ അനുനിമിഷം പടർന്നു കയറാറുള്ള കൂരിരുട്ട് ബുദ്ധിക്ക് മേൽ വീഴുന്നു. മൃതിയുടെ നിഴൽ, ആ കൂരിരുട്ടിൽ ആകാശത്താകെ നക്ഷത്രങ്ങൾ മിന്നിത്തെളിയുന്നു. അവിടം അനേകം മേഘപാളികൾ കൊണ്ടു മറക്കപ്പെട്ടിരിക്കുന്നു”

എന്ന മരണത്തെ കുറിച്ചുള്ള ഹ്രസ്വവും ചിന്തനീയവുമായ ഒരു വിലയിരുത്തൽ ശ്രദ്ധേയമാണ്. മനുഷ്യന്റെ ജീവിതം മറ്റൊരു ലോകത്തിലേക്ക് മാറ്റിപ്പണിയുന്നതിന്റെ സർഗാത്മകമായ ഒരു അവതരണമാണ് പുസ്തകത്തിലുടനീളം നിറഞ്ഞുനിൽക്കുന്നത്. കൂടുതലായും അനുഭവങ്ങളെയും മിത്തുകളെയും ആശ്രയിച്ചത് രചനയെ കൂടുതൽ ആധികാരികമാക്കുന്നുണ്ട്. “യൂറോപ്യൻ സാഹിത്യത്തിൽ പ്രേത കഥകൾ ആദ്യം തല കാട്ടിയത് പതിമൂന്നാം നൂറ്റാണ്ടിലാണ്. പതിനാറാം നൂറ്റാണ്ടായതോടെ ഇത്തരത്തിൽ മനുഷ്യന് ദ്രോഹം ചെയ്യുന്ന പതിനാറോളം തമഃ ശക്തികൾ ഉണ്ടെന്ന വിശ്വാസം അങ്ങിനെ പ്രബലമായി വരികയായിരുന്നുവെന്നും ഇതിൽ പറയുന്നുണ്ട്.

മരണത്തെക്കുറിച്ചുള്ള ധാരണകൾ കുറെക്കൂടെ ഉദാരവും ഭയരഹിതവുമായതിന്റെ പിന്നിൽ ഇത്തരം കഥകൾക്ക് അനൽപ്പമല്ലാത്ത സ്വാധീനമുണ്ട്. കേവല യാഥാർഥ്യമായിക്കണ്ടിരുന്ന മരണത്തിന് പിന്നിൽ ഒളിഞ്ഞ് കിടക്കുന്ന ദൈവിക നിയന്ത്രണങ്ങളിലേക് അന്വേഷണം പലപ്പോഴും ചെന്നെത്താറില്ലത്രെ എന്നും ഗ്രന്ഥകാരൻ പരിതപിക്കുന്നുണ്ട്. അത്തരം കണ്ടെത്തലുകളിലേക്ക് കണ്ണെത്തിക്കാൻ ഗോപീകൃഷ്ണൻ കാണിച്ച ജാഗ്രത പ്രോത്സാഹനീയമാണ്. മരണം യാതൊന്നിന്റെയും പരിസമാപ്തിയല്ല. ജനന മരണങ്ങൾ വെറും വേഷപ്പകർച്ചകൾ മാത്രം! ജനനത്തിനും മരണത്തിനും ജീവിതത്തിനുമതീതമായി ശരിരത്തിനിടയിൽ കുടിയിരിക്കുന്ന മഹാശക്തിയാണ് ആത്മാവ്. കുറച്ചു കൂടെ വ്യക്തമാക്കി പറയുമ്പോൾ പ്രാണപ്രധാനമായ സൂക്ഷ്മശരീരത്തോടൊപ്പം ചൈതന്യം, ആത്മാവ് സ്ഥൂല ശരീരത്തെ ഉപേക്ഷിക്കുന്നു. അവിടെ ഒന്നും അവസാനിക്കുന്നില്ല. പുതിയ ഒന്നിന്റെ തുടക്കമാണെന്നാണ് രത്‌നച്ചുരുക്കം. മരണത്തോട് കൂടെ സ്ഥൂല ശരീരത്തിലെ മഹാത്ഭുതങ്ങളായ മൂലധാതുക്കൾ പ്രകൃതിയുടെ അഖണ്ഡഭണ്ഡാഗാരത്തിൽ മടങ്ങിച്ചൊല്ലുന്നു. തുടർന്നങ്ങോട്ടാണ് പുതിയ ജീവിതം തുടങ്ങുന്നതെന്ന മത കാഴ്ചപ്പാടിന്റെ മറുപുറമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. മനസ്സിന്റെയും ശരീരത്തിന്റെയും ഒന്നിച്ചുള്ള വിശ്രമമാണ് ഉറക്കമെന്ന ഗ്രന്ഥകാരന്റെ നിർവചനം ശ്രദ്ധേയമാണ്.

കാര്യങ്ങൾ തെര്യപ്പെടുത്താൻ ഉപയോഗിച്ച ഉപമകൾ വ്യത്യസ്തത പുലർത്തുന്നുണ്ട്. “സൂര്യൻ ഒരു ജലാശയത്തിലെ ദശലക്ഷം ബിന്ദുക്കളിൽ പ്രതിബിംബിക്കുമ്പോൾ ഓരോ ബിന്ദുവിലും സൂര്യന്റെ ഓരോ പൂർണ പ്രതിരൂപക്കളുണ്ടാകുന്നു. അവയെല്ലാം ഒരു മൂലവസ്തുവായ സൂര്യന്റെ പ്രതിച്ഛായകൾ മാത്രമാണ്. യഥാർഥ സൂര്യൻ ഒന്നേയുള്ളൂ. പക്ഷേ ജലം വറ്റുമ്പോൾ സൂര്യന്റെ പ്രതിഛായകൾ സൂര്യനിൽ ലയിക്കും പോലെ ജീവാത്മാക്കൾ പരമാത്മാവിൽ വിലയം പ്രാപിക്കുന്നു ( മടങ്ങുന്നു).
ആ മടക്കമാണ് രണ്ടാം ജീവിതത്തിന്റെ തുടക്കമെന്ന് പുസ്തകം മുന്നോട്ട് വെക്കുന്നുണ്ട്. കൂടാതെ മരണാനന്തര ജീവിതത്തെച്ചൊല്ലി ഇതപര്യന്തം ഉയർന്നു വന്നിട്ടുള്ള ന്യായപ്രമാണങ്ങളെയാകെ വിശകലനത്തിന് വിധേയമാക്കുമ്പോൾ അത് യുക്തിയിലൂടെ കണ്ടെത്താവുന്ന ഒരു പ്രജ്ഞാ വ്യായാമമല്ല എന്ന സത്യം തെളിയുന്നുവെന്നും ഗ്രന്ഥകാരൻ പറയുന്നു. ഇത്തരം തെളിയിക്കപ്പെടാനാകാത്ത ജീവിത സത്യങ്ങളെ പ്രാപഞ്ചിക വ്യവസ്ഥിതിയിൽ ഉൾച്ചേർന്ന നിഗൂഢതകളോടാണ് ഗ്രന്ഥകാരൻ ചേർത്തിപ്പറയുന്നത്. നമ്മുടെ മനസ്സിനെയും ചിന്തയെയും എത്ര വലിച്ചു നീട്ടിയാലും അതിനപ്പുറത്തേക്ക് പ്രപഞ്ചം വികസിച്ചിരിക്കുമെന്ന പോലെ സത്യത്തിൽ നമുക്ക് കണ്ടെത്താനാകാത്ത സത്യമാണ് മരണവും മരണാനന്തര ജീവിതവുമെന്ന് ആവർത്തിക്കുകയാണീ പുസ്തകം. മനുഷ്യൻ ദുർബലനും, ബലഹീനനുമാണ്. അവന്റെ കാഴ്ചശക്തികൾക്കുമപ്പുറത്തും വർണരാജികളുണ്ട്. ശ്രവണ പരിധിക്കപ്പുറത്തും ശബ്ദ വൈഖരികളുണ്ട്. മനുഷ്യന് കാണാനും കേൾക്കാനുമാകാത്ത എത്രയോ ശബ്ദങ്ങളും ദൃശ്യങ്ങളും പല പല മൃഗങ്ങളും നിത്യേനയെന്നോണം കണ്ടും കേട്ടും കൊണ്ടിരിക്കുന്നു. എല്ലാ ജീവികൾക്കും ചുറ്റുമുള്ള കിർലിയൻ പരിവേഷത്തെ മനുഷ്യ നേത്രത്തിന് കാണാനാകില്ല. അപ്രാപ്യമായ അത്തരം കാര്യങ്ങളിൽ ഒളിഞ്ഞ് കിടക്കുന്ന മഹാ രഹസ്യങ്ങളെ ഒരു പരിധിവരെ കണ്ടെത്താൻ കഴിഞ്ഞെന്നുവരാം. ഉപകരണങ്ങൾ സമാർജിക്കാനാവും വരെ നിഷേധസ്വരത്തിൽ ഒന്നിനും വിധിയെഴുതാനാകില്ല എന്ന വിനീതമായ വിധേയത്വത്തോട് കൂടെയാണ് പുസ്തകം അവസാനിക്കുന്നത്. നവീനമായ യുക്തിക്കുമപ്പുറം ഒളിഞ്ഞ് കിടക്കുന്ന ദൈവീകമായ തീരുമാനത്തിലേക്കുള്ള തിരിച്ചു നടത്തമാണത്രെ മരണമെന്ന് നമുക്ക് ചുരുക്കിപ്പറയാം. ഡി സി ബുക്സാണ് പ്രസാധകർ.